എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെ്തു. മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകനും കേസിൽ പ്രതികളാണ്. മഹേശന്‍റെ ആത്മഹത്യ കുറിപ്പിൽ ഇവർ മൂന്നുപേരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശനെ 2020 ജൂലൈ 24നാണ് കണിച്ചുകുളങ്ങരയിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ കൂടിയായ മഹേശനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്‌തിരുന്നു. അതിന്‍റെ അടുത്ത ദിവസം ഓഫീസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ചുവരിൽ ഒട്ടിച്ച നിലയിൽ ആത്മഹത്യാക്കുറിപ്പും ഏതാനും കത്തുകളും പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കെ.കെ. മഹേശന്‍റെ മരണവുമായി തനിക്ക് ബന്ധമില്ല. കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. ആരോപണങ്ങള്‍ക്ക് പിന്നില്‍ സമുദായത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.