//
10 മിനിറ്റ് വായിച്ചു

ബിജെപിക്കൊപ്പം കെ റെയില്‍ കല്ല് പിഴുതു; സിപിഐഎമ്മിനൊപ്പം കുഴിച്ചിട്ടു :അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ വീട്ടമ്മ

കെ റെയില്‍ സര്‍വ്വേയ്ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതി അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ കുടുങ്ങി സ്ഥലമുടമകള്‍.ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേക്കല്ല് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പിഴുതെറിഞ്ഞ വീട്ടമ്മ അതേയിടത്ത് സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കല്ല് വീണ്ടും കുഴിച്ചിട്ടു. ആറ്റിങ്ങല്‍ നഗരസഭയിലെ 28-ാം വാര്‍ഡിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കെ റെയില്‍ അധികൃതരും പൊലീസുമെത്തി ആറ്റിങ്ങല്‍ സ്വദേശിനിയായ മഞ്ജുവിന്റെ പുരയിടത്തില്‍ കല്ല് സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം ബിജെപിക്കാര്‍ കെ റെയിലിനെതിരെ പ്രക്ഷോഭവുമായെത്തിയപ്പോള്‍ മഞ്ജു കല്ല് പിഴുതെടുത്ത് വാമനപുരം പുഴയില്‍ എറിഞ്ഞു. പിന്നീട് മഞ്ജുവിന്റെ വീട്ടിലെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ വിട്ടുകൊടുക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് മഞ്ജു സിപിഐഎം പ്രവര്‍ത്തകര്‍ക്കൊപ്പം കല്ല് പുനസ്ഥാപിക്കുകയായിരുന്നു.അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിച്ചാല്‍ ഭൂമി നല്‍കാമെന്നാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാട്.ആറ്റിങ്ങലില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ കല്ലുകള്‍ അതാത് സ്ഥലങ്ങളില്‍ വീണ്ടും കുഴിച്ചിടാനുള്ള നീക്കം തുടരുകയാണ് സിപിഐഎം. കടുത്ത എതിര്‍പ്പില്ലാത്ത വീടുകളിലൊഴികെ സിപിഐഎം കെ റെയില്‍ സര്‍വ്വേക്കല്ലുകള്‍ പുനസ്ഥാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍ രാമുവിന്റെ നേതൃത്വത്തിലാണ് കല്ല് പുനസ്ഥാപിക്കല്‍ ക്യാംപെയ്ന്‍.പിഴുതെറിയുന്ന കല്ലുകള്‍ വീണ്ടും സ്ഥാപിക്കുമെന്നും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂര്‍ നാഗപ്പന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version