//
22 മിനിറ്റ് വായിച്ചു

കെ റെയില്‍ സിപിഎമ്മിന് കുംഭകോണം നടത്താനുള്ള പദ്ധതി: ടി സിദ്ദിഖ്

കണ്ണൂര്‍: കേരളത്തിലെ ജനങ്ങളെ പെരുവഴിയിലാക്കുന്ന കെ റെയില്‍ പദ്ധതി സിപിഎമ്മിന് കുംഭകോണത്തിനുള്ള പദ്ധതിയാണെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. കെ റെയില്‍ പദ്ധതിക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഒരു
തരത്തിലും സമ്മതിക്കില്ല. ആര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി…? പദ്ധതിയുടെ ഡിപിആര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വെക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ…? കോവിഡ് കാലത്ത് കേരളത്തില്‍ മെഡിക്കല്‍ ഉപകരണം വാങ്ങിയത് പോലെ സിപിഎം കുംഭകോണമാണ് നടത്തിയത്. സമാന രീതിയിലാണ് കെ റെയിലിലൂടെയും പാര്‍ട്ടിക്ക് വേണ്ടി കുംഭകോണം നടത്തുകയാണ് ലക്ഷ്യം. കെ റെയില്‍ പദ്ധതിയുടെ ഓഫീസുകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും ജോലി കൊടുക്കാനുള്ള താവളമായി മാറ്റിയിരിക്കുകയാണെന്നും സിദ്ദിഖ് പറഞ്ഞു.

വികസനത്തിന് തുരങ്കം വയ്ക്കാനുള്ള പ്രതിഷേധമല്ല കെ-റെയിലിനെതിരെ നടക്കുന്നത്. വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് യുഡിഎഫ് സില്‍വര്‍ ലൈനിനെതിരായ നിലപാടെടുത്തത്. അതിവേഗ റെയില്‍പാത വേണം.പക്ഷേ അതിന് സില്‍വര്‍ ലൈനല്ല വേണ്ടത്. വികസനത്തെ യുഡിഎഫ് എതിര്‍ക്കുന്നുവെന്ന് പറഞ്ഞു സില്‍വര്‍ ലൈന്‍ പദ്ധതിയെ ന്യായീകരിക്കേണ്ട. കെ റെയിലിന് കല്ലിടും മുമ്പ് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ…? കെ-റെയിലിനെതിരെ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകും. കര്‍ഷകന്റെ മണ്ണിലാണ് പിണറായി വിജയന്‍ കല്ലിടുന്നത്. പരിസ്ഥിതി പഠനം നടത്തിയതിനുള്ള എന്ത് റിപ്പോര്‍ട്ടാണുള്ളത്. വിശദമായ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് പോലും ഇല്ലാത്ത പദ്ധതിക്ക്‌ വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. പോലീസിനെ ഉപയോഗിച്ച് ബലമായി കല്ലിട്ടാല്‍ പദ്ധതി നടപ്പിലാകുമെന്നത് വെറും വ്യാമോഹമാണ്. പിണറായി ഇട്ട കല്ല് ജനങ്ങള്‍ വലിച്ചെറിയുമെന്നും സിദ്ദിഖ് പറഞ്ഞു.

പദ്ധതി സംബന്ധിച്ച് ഒന്നും വിശദീകരിക്കാതെയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്കേരളത്തിന്റെ വികസനം ലക്ഷ്യംവച്ചല്ല. കമ്മീഷനടിക്കാനുള്ള കച്ചവടമാണ് കെ-റെയില്‍ വഴി സര്‍ക്കാര്‍ നടത്തുന്നത്. ഇതിനെതിരെ യുഡിഎഫ് ശക്തമായി പ്രതികരിക്കും. കെ-റെയില്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. പദ്ധതിയില്‍ ജനകീയ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം.കെ – റെയില്‍ പദ്ധതി കേരളത്തെ നാശത്തിലേക്കാവും നയിക്കുക. ഹൈ സ്പീഡ് റെയിലിന് ആവശ്യമായ വികസനം കേരളത്തിലി ല്ല. കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത് യോജിച്ചതല്ല. പ്രളയം വന്നാല്‍ കെ റെയില്‍ നശിക്കും. പിന്നെ ആളോഹരി കടം മാത്രം ബാക്കിയാവും. യുഡിഎഫ് പ്രായോഗികമല്ലെന്ന് കണ്ട് ഉപേക്ഷിച്ച ഒരു പദ്ധതിയാണ് ഒരു പഠനവും ഇല്ലാതെ ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫിന്റെ കാലത്ത് ഹൈവേ പണിതാല്‍ കേരളം രണ്ടായി മുറിക്കപ്പെടുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ കെ. റെയിലുമായി രംഗത്ത് വന്നരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ധര്‍ണ സമരത്തില്‍ യുഡിഎഫ് ചെയര്‍മാന്‍ പി ടി മാത്യു അധ്യക്ഷതവഹിച്ചു. അഡ്വ. അബ്ദുള്‍ കരീം ചേലേരി, സ്വാഗതം പറഞ്ഞു. എം എല്‍ എ മാരായ സണ്ണിജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, മുന്‍ യുഡിഎഫ് ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫ, നേതാക്കളായ കെ പി സാജു, വി എന്‍ ജയരാജ്, കെ വി ഫിലോമിന, സി എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, ജോസഫ് മുള്ളന്‍മട, റോജസ്, വി മോഹനന്‍, ടി മനോജ് കുമാര്‍, സി കെ സഹജന്‍, ജോസ് വേലിക്കല്‍, വി സുനില്‍കുമാര്‍, അഡ്വ, എസ് മുഹമ്മദ്, കെ എ ലത്തീഫ്,തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version