ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നിസ്സഹകരിക്കാന്‍ കെ വി തോമസ് തീരുമാനിച്ചതില്‍ പ്രതികരണവുമായി നടന്‍ ടി സിദ്ദിഖ്.തോമസ് മാഷിന് എന്താണ് പറ്റിയതെന്ന് അറിയില്ല. താന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി കാണുന്ന ആളാണ് കെ വി തോമസ്. കെ വി തോമസിനെപ്പോലെയുള്ളവരെ കണ്ടിട്ടാണ് തങ്ങളൊക്കെ കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പാലച്ചോട്ടില്‍ 142ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ലൈനിന്റെ ആവശ്യകതയെന്താണെന്ന് തനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖിന്റെ പ്രതികരണം:
എല്ലാ സ്ഥാനാര്‍ത്ഥികളും സംസാരിക്കുന്നത് വികസനത്തെക്കുറിച്ചാണ്. വികസിച്ച് വികസിച്ച് തൃക്കാക്കര ഇനി എങ്ങോട്ടാണ്. വികസിച്ച് ഇപ്പോള്‍ ശ്വാസം മുട്ടുകയാണ്. എങ്ങനെയാണ് ഇനി തൃക്കാക്കര വികസിപ്പിക്കുക എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്. അടിസ്ഥാന സൗകര്യങ്ങളാണ് ഇനി വികസിപ്പിക്കേണ്ടത്, പ്രത്യേകിച്ച് റോഡുകള്‍. മനസ്സമാധാനത്തോടെ ശ്വാസം വിട്ട് ജീവിക്കാന്‍ കഴിയുന്ന ഒരു തൃക്കാക്കര വേണമെന്നാണ് എന്റെ ആഗ്രഹം.തോമസ് മാഷിന് എന്താ പറ്റിയേ. എനിക്കും അറിഞ്ഞൂടാ. സില്‍വര്‍ലൈനിനെക്കുറിച്ച് ഞാന്‍ വിശദമായി മനസ്സിലാക്കിയിട്ടില്ല. അതിന്റെയൊരു അത്യാവശ്യമെന്താണെന്ന് എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല. മാഷിന് എന്ത് പറ്റി എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. നമ്മളൊക്കെ ജനിച്ചപ്പോള്‍ മുതല്‍ തോമസ് മാഷിനെ കോണ്‍ഗ്രസുകാരനായിട്ട് കണ്ട് ശീലിച്ചതല്ലേ. മാഷയൊക്കെ കണ്ടിട്ടാണ് നമ്മളൊക്കെ കെഎസ്‌യുവില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെ കരുണാകരനേയും കെ വി തോമസിനേയും ഉമ്മന്‍ ചാണ്ടി സാറിനേയും കണ്ടാണ് നമ്മള്‍ കെഎസ്‌യുകാരായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ചില നേതാക്കന്മാരുടെ പ്രവര്‍ത്തന ശൈലി നമ്മളെ ആകര്‍ഷിക്കുമ്പോഴാണല്ലോ നമ്മള്‍ക്ക് ചില പാര്‍ട്ടിയോട് ആഭിമുഖ്യം തോന്നുക. ഞങ്ങളെയൊക്കെ പ്രേരിപ്പിച്ച ആളാണ് തോമസ് മാഷ്. മാഷിന് എന്താ പറ്റിയതെന്ന് അറിയില്ല.