കെ റെയില്‍ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് നീങ്ങാന്‍ സര്‍ക്കാര്‍.കേസെടുക്കുന്നതിനൊപ്പം പിഴ അടക്കം ഈടാക്കാനാണ് തീരുമാനം. സമര്‍ക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കലിനെതിരായ നിയമപ്രകാരം നടപടിയെടുക്കും. അറസ്റ്റിലാകുന്നവരെ നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ മൂല്യത്തിന് തുല്യമായ തുക കെട്ടിവെച്ചാലേ ജാമ്യം നല്‍കി വിട്ടയക്കൂ. ഒരു കല്ലിന് മാത്രം 1,000 രൂപയും സ്ഥാപിക്കാനുള്ള ചെലവ് 4,500 രൂപയുമാണ്. 530 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയില്‍ ഇതുവരെ 155 കിലോമീറ്റര്‍ സര്‍വ്വേയാണ് പൂര്‍ത്തിയാക്കിയത്. 6,000 കല്ലുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ കോട്ടയം മാടപ്പള്ളിയില്‍ കണ്ടാല്‍ അറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച ജിജി ഫിലിപ്പും ഉള്‍പ്പെടും.മണ്ണെണ്ണയുമായി പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ച്ചയ്ക്ക് തകരാറുണ്ടായതായും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം സ്റ്റേഷനിലെ ദിവ്യ മോള്‍ എന്ന ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീഴ്ത്തിയെന്നാണ് കേസ്.ഒമ്പതുവയസുകാരി മകളെ സമരസ്ഥലത്തെത്തിച്ചെന്ന പേരില്‍ ജിജിക്ക് മറ്റൊരു കേസുകൂടിയുണ്ട്. കോട്ടയം ജില്ലയില്‍ ഇന്ന് മുതല്‍ കല്ലിടലും സര്‍വ്വേയും പുനരാരംഭിക്കും.ഇതിന് പുറമേ കെഎസ്‌യു പ്രവര്‍ത്തകര്‍ കെ റെയില്‍ പ്രതിഷേധത്തിന് ഉപയോഗിച്ച കല്ല് മോഷ്ടിച്ചതാണെന്ന് ആരോപിച്ചും പൊലീസ് കേസെടുത്തു.മോഷണമുതലാണെന്ന് ആരോപിച്ച് അതിരടയാള കല്ല് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്നും ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് അവസാനിപ്പിച്ചത്. അവിടെ തന്നെ കല്ലും സ്ഥാപിക്കുകയായിരുന്നു. സംഭവത്തില്‍ 20 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കല്ലിന്റെ സീരിയല്‍ നമ്പര്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. സര്‍ക്കാര്‍ നടപടി ശക്തിമാക്കുമ്പോഴും സമരം കടുപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതുവരെ സ്ഥാപിച്ച അടയാള കല്ലുകള്‍ മുഴുവന്‍ പിഴുതെറിയാനാണ് കോണ്‍ഗ്രസ് തീരുമാനം. കെ റെയില്‍ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യം ഉയര്‍ത്തി പിഴുതെറിഞ്ഞ അടയാള കല്ലുകള്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതീകാത്മകമായി ഇന്ന് കലക്ടറേറ്റുകളില്‍ സ്ഥാപിക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കും.