പത്തനംതിട്ട: കെ റയില്‍ പദ്ധതിയെ അനുകൂലിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് രംഗത്ത്. പണം ലഭിച്ചതിന് ശേഷം മാത്രം പദ്ധതിയ്ക്ക് വേണ്ടി സ്ഥലം ഒഴിഞ്ഞ് കൊടുത്താല്‍ മതിയെന്ന് മന്ത്രി പറഞ്ഞു.ജനങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും രണ്ടു വർഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാകുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.’മനുഷ്യനേയും പ്രകൃതിയേയും കണക്കിലെടുത്തുള്ള പൊതുഗതാഗത സംവിധാനമാണ് കെ റെയില്‍ പദ്ധതി. കേരളത്തിന്റെ ഭാവിക്കായുള്ള വികസനപ്രവര്‍ത്തനമാണ് ഇത്. സംസ്ഥാനത്തെ ഗതാഗതരീതികളും യാത്രയും യാത്രക്കാരും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ തന്നെ വാഹനപെരുപ്പവും ഒക്കെയായി യാത്രകള്‍ക്കായി നിലവില്‍ മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വരുന്നത്. വാഹനങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുകമലിനീകരണം ഇന്ന് വലിയ പ്രശ്നമാണ്. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടുതലാണ്’, മന്ത്രി പറഞ്ഞു.’കേരളത്തിന്റെ ഭൂമിശാസ്ത്ര, പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കാക്കി റോഡ് ഗതാഗത സംവിധാനം മാത്രം കേന്ദ്രീകരിച്ച് ഗതാഗത സംവിധാനം മെച്ചെപ്പെടുത്താനാകില്ല. കെ റെയില്‍ പദ്ധതി പാരിസ്ഥിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ധാരണ തിരുത്തപ്പെടണം. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന ഗതാഗത മാര്‍ഗമാണ് റെയില്‍വേ സംവിധാനം. എന്നാല്‍, നിലവിലുള്ള റെയില്‍ സംവിധാനത്തില്‍ ഇനി 19 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ മാത്രമാണ് ബാക്കിയുള്ളത്. 626 വലിയ വളവുകള്‍ ഉള്ളതിനാല്‍ ബ്രോഡ്ഗേജ് വികസനവും സാധ്യമാകുന്നില്ല. ഈ അവസരത്തിലാണ് ഏറ്റവും ഉചിതമായ കെ റെയില്‍ ഗതാഗത സംവിധാനം യാഥാര്‍ഥ്യമാക്കേണ്ടതിന്റെ ആവശ്യകത’, മന്ത്രി സൂചിപ്പിച്ചു.’പാരിസ്ഥിതിക പ്രശ്നങ്ങളെ പരിഹരിക്കാതെ അല്ല ഈ പദ്ധതി നിലവില്‍ വരുക. പുഴ, തോട്, നീര്‍ച്ചാല്‍ തുടങ്ങിയ ജലസ്രോതസുകള്‍ വിപുലീകരിച്ചാകും പദ്ധതി നിലവില്‍ വരുക.അതിനാല്‍തന്നെ ജലമാര്‍ഗങ്ങള്‍ തടസപ്പെടുത്തുന്ന വനം, വന്യജീവി, പരിസ്ഥിതി ലോല മേഖലകളിലൂടെ പദ്ധതി കടന്നുപോകുന്നില്ല’, മന്ത്രി കൂട്ടിച്ചേര്‍ത്തു.