///
11 മിനിറ്റ് വായിച്ചു

കെ റെയിൽ കല്ലിടലിനെതിരെ കണ്ണൂർ താണയിൽ പ്രതിഷേധം; പൊലീസുമായി ഉന്തുംതള്ളും; പ്രതിഷേധക്കാർ അറസ്റ്റിൽ

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കണ്ണൂർ താണയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോ​ഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. ഇതിനിടയിൽ പ്രതിഷേധത്തിനെത്തിയ സ്ത്രീയെ ഉദ്യോ​ഗസ്ഥ അപമാനിച്ചെന്ന് പരാതി ഉയർന്നു. ഇവർ മാപ്പ് പറയണമെന്നാവശ്യമുയർത്തി വീണ്ടും പ്രതിഷേധം ഉണ്ടായി. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. കെ റെയിലിനെതിരെ വീട് വീടാന്തരം കയറിയുള്ള പ്രചാരണവുമായി എറണാകുളത്തെ സമര സമിതി രം​ഗത്തെത്തിയിട്ടുണ്ട്. അധികൃതർ കല്ലിടാൻ വരുമ്പോൾ ശക്തമായി എതിർക്കണമെന്നാവശ്യപ്പെട്ടാണ് നീക്കം. ജില്ലയിൽ കല്ലിടലുമായി കെ റെയിൽ മുന്നോട്ട് പോകുമ്പോഴാണ് സമിതിയുടെ പ്രചാരണം.രാത്രിയായാലും പകൽ ആയാലും കല്ലിടാൻ ആളെത്തിയാൽ ശക്തമായി എതിർക്കണം, വാട്സ് ആപ്പ് ഗ്രൂപ്പിൽ വിവരം അറിയിക്കണം. എല്ലാവരും ഒരുമിച്ചെത്തി കല്ലിടൽ തടയണം. കല്ലിടൽ സർവേയ്ക്കായി മാത്രമല്ലെന്നും സ്ഥലം ഏറ്റെടുപ്പിന് തന്നെയാണെന്നുമാണ് സമരസമിതി വിശദീകരിക്കുന്നത്. രാവിലെ ആറര മണി മുതൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങിയാണ് പ്രചാരണം. ആദ്യദിനം കാക്കനാട് പഴങ്ങനാട് എന്നീ മേഖലകളിൽ ആയിരുന്നു പ്രചാരണം. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കഴിഞ്ഞ ദിവസം കീഴ്മാടിലെത്തിയ കെ റെയിൽ അധികൃതരെ നാട്ടുകാർ ഒറ്റക്കെട്ടായാണ് ചെറുത്തത്. സ്ഥാപിക്കാൻ കൊണ്ടു വന്ന കല്ലുകൾ നാട്ടുകാർ വണ്ടിയിൽ കയറ്റി തിരിച്ചയക്കുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!