കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സമവായം. ഭിന്നത വിട്ട് കെസി പക്ഷവും എ-ഐ ഗ്രൂപ്പുകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതാണ് സംസ്ഥാന കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് സമവായത്തിലെത്തിച്ചത്. ഗ്രൂപ്പ് നോമിനികളെ ചേർത്ത് അംഗത്വ പട്ടിക പുതുക്കിയെങ്കിലും പരാതി ഒഴിവാക്കാൻ ഔദ്യോഗികമായി പുറത്തുവിട്ടില്ല. സമവായ ഭാഗമായി കെ.സുധാകരൻ പ്രസിഡന്റായി തുടരും.
ആദ്യം നൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചതോടെയാണ് എ-ഐ ഗ്രൂപ്പുകളുമായി അതിവേഗം കെ.സുധാകരനും വിഡി സതീശനും സമവായത്തിലെത്തിയത്. ഗ്രൂപ്പല്ല മാനദണ്ഡം എന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും പുതുതായി പട്ടികയിൽ ചേർത്തത് ഗ്രൂപ്പ് നോമിനികളെ. എ-ഐ ഗ്രൂപ്പുകളും കെസി പക്ഷവും പല ജില്ലകളിലും ശരിക്കും നടത്തിയത് ധാരണ അനുസരിച്ചുള്ള വീതംവയ്പ്. ഇതോടെ പുതുക്കിയ പട്ടികയ്ക്കെതിരായ പരാതികളും അവസാനിച്ചു. എഐസിസിയുടെ അനുമതിയും കിട്ടി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൂടി നടക്കുന്ന സാഹചര്യത്തിൽ പൊട്ടിത്തെറി ഒഴിവാക്കാൻ നേതൃത്വം തന്ത്രപരമായി പട്ടിക പുറത്ത് വിട്ടില്ല.അംഗങ്ങളെ വ്യക്തിപരമായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ചു. സമവായമാണ് എല്ലായിടത്തുമെങ്കിലും ചെറിയ ചില പരാതികൾ പല ജില്ലകളിലും നേതാക്കൾക്കുണ്ട്. പക്ഷെ നേതൃത്വം ഐക്യസന്ദേശം നൽകിയതോടെ പതിവ് വിമർശനം പലരും ഉള്ളിലൊതുക്കി.
285 ബ്ലോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലമെന്ററി പാർട്ടി പ്രതിനിധികളുമടക്കം 310 അംഗ പട്ടികയിൽ 77 പേരാണ് പുതുമുഖങ്ങൾ. അധ്യക്ഷ സ്ഥാനത്ത്, 15 മാസം പിന്നിടുന്ന, കെ.സുധാകരൻ തുടരും. നാളെ ചേരുന്ന ജനറൽ ബോഡി യോഗം പുതിയ അധ്യക്ഷനെ നിശ്ചയിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം പാസ്സാക്കും. പിന്നാലെ സുധാകരൻ തുടരുമെന്ന പ്രഖ്യാപനം ദില്ലിയിൽ നിന്നെത്തും.