//
21 മിനിറ്റ് വായിച്ചു

“നെഹ്‌റു കുടുംബത്തെ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതം”: കെ.സുധാകരന്‍ 

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തേയും നെഹ്‌റു കുടുംബത്തേയും താന്‍ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാനരഹിതവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം പി.

സ്വകാര്യചാനലായ ഏഷ്യാനെറ്റിന്റെ കണ്ണൂരിലെ ലേഖകന് നല്‍കിയ അഭിമുഖത്തില്‍ താന്‍ മനസില്‍ ഉദ്ദേശിക്കാത്തതും പറയാത്തതുമായ കാര്യങ്ങളാണ് വളച്ചൊടിച്ച് വാര്‍ത്തയായി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു . “അഭിമുഖ സംഭാഷണത്തിനിടെ തെറ്റായ വാര്‍ത്ത അതേ ചാനലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ അതിനോടുള്ള ശക്തമായ പ്രതിഷേധം ഞാന്‍ ചാനല്‍ അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന എന്റെ മുന്നറിയിപ്പ് മാനിച്ച ചാനല്‍ അധികൃതര്‍ വാര്‍ത്ത പിന്‍വലിക്കാന്‍ അപ്പോള്‍ തയ്യാറായി. എന്നാല്‍ നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന ഭാഷയില്‍ ദുര്‍വ്യാഖ്യാനം നടത്തി ആ വാര്‍ത്ത വീണ്ടും പ്രക്ഷേപണം ചെയ്യുകയുമായിരുന്നെന്നും” സുധാകരന്‍ പറഞ്ഞു.

“കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ശശി തരൂരിന്റെ മത്സര സന്നദ്ധതയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞതിനെ വളച്ചൊടിച്ച് നെഹ്‌റു കുടുംബത്തെ താന്‍ തള്ളിപ്പറഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തയാണ് നല്‍കിയത്.തന്നെ അപകീര്‍ത്തിപ്പെടുത്തും വിധം വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റിന്റെ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യവും സത്യസന്ധവുമായ മാധ്യമപ്രവര്‍ത്തനത്തിന് തന്നെ അപമാനമാണ് ഇത്തരം നടപടിയെന്നും ചാനലിന്റെയും വാര്‍ത്ത തയ്യാറാക്കിയ ലേഖകന്റെയും മാധ്യമധര്‍മ്മത്തിന് വിരുദ്ധമായ നടപടിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

“ഇത്തരം ഒരു വാര്‍ത്തയ്ക്ക് പിന്നില്‍ സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ താന്‍ നിലപാട് എടുത്തെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ്. നെഹ്‌റു കുടുംബത്തിലെ നേതാക്കളുടെ സാന്നിധ്യവും നേതൃത്വവും കോണ്‍ഗ്രസിന് അനിവാര്യവുമാണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി പേരിലൊരാണ് താനും എന്ന യാഥാര്‍ത്ഥ്യം പാര്‍ട്ടിക്കുള്ളിലെ എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതാണ്.

ശശി തരൂരിന് സ്വതന്ത്ര്യമായി മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ട് എന്ന് ഞാന്‍ പറഞ്ഞത് ശരിയാണ്. എന്നാല്‍ അദ്ദേഹത്തിന് വേണ്ടി മനസാക്ഷി വോട്ട് ചെയ്യാന്‍ താന്‍ പറഞ്ഞെന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നത് ശരിയല്ല.കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് താന്‍ പറയുമ്പോഴും ഒരു വ്യക്തിക്ക് വേണ്ടി പക്ഷം പിടിച്ച് സംസാരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നത് തെറ്റാണ്.

ശശി തരൂര്‍ ഉള്‍പ്പെടെ എല്ലാ നേതാക്കളുമായി നല്ല വ്യക്തി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് താന്‍. ആരോടും നീരസ്സവും വെറുപ്പും പ്രകടിപ്പിക്കുന്നത് എന്റെ ശൈലിയല്ല. അനൗപചാരിക സ്ഥാനാര്‍ത്ഥിയായി തരൂര്‍ രംഗത്ത് വരുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇക്കാര്യം തരൂരിനോട് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു.

“തന്റെ പേരിലുണ്ടായ തെറ്റായ വാര്‍ത്ത ചിലരിലെങ്കിലും തെറ്റിധാരണ ഉണ്ടാക്കിയിട്ടുണ്ട്. അതിന് താന്‍ അവരോട് മാപ്പുചോദിക്കുന്നെന്നും” സുധാകരന്‍ വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version