കണ്ണൂര്‍: കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്ബനിയായ കെ-സ്വിഫ്റ്റിലേക്ക് മാറാനൊരുങ്ങി കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ഏഴ് സര്‍വിസുകള്‍.കണ്ണൂരില്‍ അഞ്ചും തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ബംഗളൂരു സര്‍വിസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുക.അതിനിടെ തിരുവനന്തപുരത്തുനിന്നും തിങ്കളാഴ്ച വൈകീട്ട് കന്നി സര്‍വിസ് തുടങ്ങിയ സ്വിഫ്റ്റ് ബസ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ കണ്ണൂരിലെത്തി. തിരിച്ച് വൈകീട്ട് 5.45ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ ആറിന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് വൈകീട്ട് 6.30നാണ് പുറപ്പെടുക. 1967 മുതല്‍ സര്‍വിസ് തുടങ്ങിയ കെ.എസ്.ആര്.ടി.സിയുടെ അഭിമാന സര്‍വിസ് കണ്ണൂര്‍ ഡീലക്സ് സ്വിഫ്റ്റിന്റെ വരവോടെ ഓട്ടം നിര്‍ത്തും. ഡീലക്സിന്റെ സമയത്ത് വൈകീട്ട് 5.30ന് സ്വിഫ്റ്റ് സര്‍വിസ് നടത്തുമെന്നായിരുന്നു നേരത്തെ ഉത്തരവിറങ്ങിയത്. എന്നാല്‍, ചൊവ്വാഴ്ച കണ്ണൂര്‍ ഡീലക്സിന് പിറകിലായി 5.45ന് പോകാനാണ് തങ്ങള്‍ക്ക് നിര്‍ദേശമെന്ന് സ്വിഫ്റ്റ് ജീവനക്കാര്‍ പറയുന്നു. രണ്ടിന്റെയും സമയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കണ്ണൂരില്‍നിന്ന് ബംഗളൂരു (രാത്രി 9.30), ബംഗളൂരു ഡീലക്സ് (രാത്രി 7.00), കണ്ണൂര്‍- തിരുവനന്തപുരം ഡീലക്സ് (5.30), മധുര (വൈകീട്ട് 6.15) തുടങ്ങിയ നിലവില്‍ ഓടുന്ന സര്‍വിസുകളും വൈകീട്ട് ആറിന് പുതുച്ചേരിയിലേക്കുള്ള പുതിയ സര്‍വിസുമാണ് സ്വിഫ്റ്റാവുക. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പുതിയ ബസും ജീവനക്കാരും എപ്പോള്‍ എത്തുമെന്നതുസംബന്ധിച്ച് വിവരമൊന്നുമില്ല. കണ്ണൂര്‍ ഡീലക്സ് സ്വിഫ്റ്റാകുമെന്ന് എം.ഡിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അറിയിച്ചിരുന്നെങ്കിലും നിലവില്‍ ഓട്ടം നിര്‍ത്തണമെന്ന നിര്‍ദേശവും ലഭിച്ചിട്ടില്ല.അടുത്ത ദിവസം മുതല്‍ ഡീലക്സിനും ബ്രേക്കുവീഴുമെന്നാണ് കരുതുന്നത്. പ്രതിദിനം അരലക്ഷത്തിലേറെ വരുമാനമുള്ള അഭിമാന ബസാണ് ഓട്ടം അവസാനിപ്പിക്കുന്നത്.തലശ്ശേരി, പയ്യന്നൂര്‍ ഡിപ്പോകളിലെ ബംഗളൂരു സര്‍വിസുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റ് കൈയടക്കുമെന്നുറപ്പാണ്. നിലവില്‍ ഓണ്‍ലൈനായും ഡിപ്പോകളിലും ടിക്കറ്റെടുക്കാന്‍ സൗകര്യമുണ്ട്. ടിക്കറ്റ് വില്പനക്കായി കണ്ണൂരില്‍ അഞ്ചുവര്‍ഷം സേവനപരിചയമുള്ള ഫ്രഞ്ചൈസികള്‍ കണ്ടെത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.