//
25 മിനിറ്റ് വായിച്ചു

അർഹിക്കാത്ത സ്ഥാനങ്ങൾ നേടിയ ചതിയൻ;കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂർ മേയർ

കണ്ണൂ‌ർ: ചതിയനായ കെ വി തോമസിന് അർഹിക്കാത്ത സ്ഥാനങ്ങളാണ് നൽകിയതെന്ന് കണ്ണൂർ മേയർ അഡ്വക്കേറ്റ് ടി ഒ മോഹനൻ.ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിന് തെറ്റുപറ്റിപ്പോയെന്നും കരുണാകരന്റെ ദൗർബല്യ ചൂഷണം ചെയ്തയാളാണ് കെ വി തോമസെന്നുമാണ് മോഹനൻ പറയുന്നത്. 2019 ൽ സീറ്റ് നിഷേധിച്ചതോടെ കെ വി തോമസ് പാർട്ടി വിരുദ്ധനായി, ഇത് തിരിച്ചറിയുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നാണ് കണ്ണൂർ മേയറുടെ കുറ്റപ്പെടുത്തൽ. കെ വി തോമസിനെ കുറ്റപ്പെടുത്തി ടി ഒ മോഹനൻ ഫേസ്ബുക്കിലും രംഗത്തെത്തി. സിപിഎമ്മിന്റെ ആക്രമണത്തിൽ സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ ചോര ഒരുപാട് വീണിട്ടുള്ള മണ്ണിൽ വന്ന് ആ പാർട്ടിക്കൊപ്പം ചേരാൻ കെ വി തോമസിന് എങ്ങനെ സാധിച്ചുവെന്നാണ് മോഹനന്റെ ചോദ്യം.

ടി.ഒ മോഹനൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട തോമസ് മാഷിന്,

അങ്ങ് എന്റെ നാടായ കണ്ണൂരിലേക്ക് വരുമ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ അങ്ങയെ സ്വാഗതം ചെയ്യേണ്ടതാണ്.

കാരണം കോൺഗ്രസിന്റെ കൊടി പിടിച്ചു പഞ്ചായത്ത് പ്രസിഡണ്ട് മുതൽ കേന്ദ്ര മന്ത്രിസ്ഥാനം വരെ അലങ്കരിച്ച നേതാവാണ് താങ്കൾ. അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിന്റെ കരിയർ എടുത്തു പരിശോധിച്ചാൽ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത തരത്തിലുള്ള പാർട്ടി- അധികാര പദവി കളാണ് അങ്ങ് വഹിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിക്കും.

ഡിസിസി സെക്രട്ടറി, പ്രസിഡന്റ്, കെപിസിസി വർക്കിംഗ് പ്രസിഡണ്ട്, ട്രഷറർ, AICC അംഗം. ഭരണതലത്തിൽ ആണെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് തവണ എം.എൽ.എ, അഞ്ചു തവണ എം.പി, കേന്ദ്ര-സംസ്ഥാന മന്ത്രി പദം അങ്ങനെ നീളുന്നു സ്ഥാനങ്ങൾ…

പക്ഷേ പുതിയ നിലപാടുമായി കണ്ണൂരിലേക്ക് വരുമ്പോൾ ഒരിക്കലും അങ്ങയെ കോൺഗ്രസുകാർക്ക് സ്വാഗതം ചെയ്യാൻ കഴിയുകയില്ല. കാരണം കണ്ണൂരിലെ മണ്ണ് സി.പി.എം കാരുടെ കഠാര മുനയാൽ ജീവൻ നഷ്ടപ്പെട്ട, മാരകമായ പരിക്കിനാൽ ജീവിതകാലം മുഴുവൻ നരകയാതന അനുഭവിക്കാൻ വിധിക്കപ്പെട്ട ഒരുപാട് കോൺഗ്രസ് പ്രവർത്തകരുടെ ചോര വീണ മണ്ണാണ്. അവിടെ സജിത്ത് ലാലും, ശുഹൈബും, യൂത്ത് ലീഗ് പ്രവർത്തകരായ ഷുക്കൂറും,മൻസൂറും തൊട്ടടുത്ത കാസർകോഡിലെ ശരത് ലാലും, കൃപേഷും ഉൾപ്പെടെ നിരവധി പേരുണ്ട്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ അവരുടെ മൃതദേഹത്തിൽ ചവിട്ടിയാണ് അങ്ങ് കണ്ണൂരിന്റെ മണ്ണിൽ സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്.

താങ്കളുടെ ഈ വരവ് ആ രക്തസാക്ഷി കുടുംബങ്ങളിൽ ആരുടെയെങ്കിലും കണ്ണീരൊപ്പാൻ ആയിരുന്നെങ്കിൽ പ്രവർത്തകർ ഒന്നടങ്കം അങ്ങേയ്ക്ക് ‘ജയ്’ വിളിച്ചേനെ. ദൗർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ പ്രവർത്തകർ അത്തരം യാതന അനുഭവിച്ച കാല ഘട്ടങ്ങളിൽ ഒന്നും തന്നെ താങ്കളെ ഇവിടെ എവിടെയും കണ്ടില്ല. കോൺഗ്രസുകാർ സിപിഎമ്മുകാരുടെ വടിവാളുകൾക്ക് ഇരയാവുമ്പോൾ താങ്കൾ ഏതെങ്കിലും അധികാര പദത്തിന്റെ സുഖ ശീതളിമയിൽ ഇരുന്നു തിരുതയും കൂട്ടി മൃഷ്ടാനം സദ്യ ഉണ്ണുകയായിരിക്കും.

ഈ സ്ഥാനങ്ങൾ ഒക്കെ അലങ്കരിച്ചിട്ടും പ്രസ്ഥാനത്തോട് താങ്കൾ ഇപ്പോൾ കാണിക്കുന്ന നന്ദികേടിലൂടെ അപമാനിക്കുന്നത് താങ്കൾക്ക് വേണ്ടി വോട്ട് നേടാൻ ഊണും ഉറക്കവും ഒഴിഞ്ഞു പണിയെടുത്ത, ഇന്നുവരെ ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും ലഭിക്കാത്ത, ലക്ഷക്കണക്കിന് പ്രവർത്തകരെയാണ്. അവരൊക്കെ മൂവർണ്ണക്കൊടിയേന്തി കഷ്ടപ്പെട്ടത് കെ.വി.തോമസിന് വേണ്ടി മാത്രമല്ല. മറിച്ചു രാജ്യത്ത് ബിജെപി എന്ന വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ കൂടിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്  സർവ്വ ശക്തിയുമെടുത്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ ബിജെപിക്കെതിരെ പോരാടുമ്പോൾ, പാർട്ടി കോൺഗ്രസ്‌ വേദിയിൽ എവിടെയും ബിജെപി എന്ന ഒരു വാക്കുപോലും ഉരിയാടാതെ പിണറായിയും, ബിജെപി സർക്കാർ ഇപ്പോഴും ഫാസിസ്റ്റ് സർക്കാർ അല്ല എന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന കാരാട്ട് -എസ് ആർ പി-ബേബി ഇത്യാദികൾക്ക് വേണ്ടിയുമാണ് താങ്കൾ കണ്ണൂരിലേക്ക് വരുന്നത് എന്നറിയുമ്പോൾ ആത്മാർത്ഥതയില്ലാത്തവരുടെ കൂടെ കൂടുമ്പോഴുള്ള താങ്കളുടെ ആത്മാർത്ഥത എത്രമാത്രം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. 

പ്രായക്കൂടുതൽ കാരണം കോൺഗ്രസ് പരിഗണിക്കുന്നില്ല എന്ന് പറയുന്ന താങ്കൾ ചേക്കേറാൻ പോകുന്നത് 75 കഴിഞ്ഞവരെയൊക്കെ (പിണറായി ഒഴികെ) മൂലക്ക് ഇരുത്തുന്ന സിപിഎമ്മിന്റെ ചാരത്തെക്കാണല്ലോ എന്നോർക്കുമ്പോൾ താങ്കളുടെ ഭാവി ‘കണ്ടറിയണം കോശി’ എന്നെ പറയാനുള്ളൂ.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version