സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ തുറന്നടിച്ച് സി ദിവാകരന്‍. സംസ്ഥാന സിപിഐയില്‍ നേതൃമാറ്റം വേണമെന്നും പ്രായപരിധി മാര്‍ഗനിര്‍ദേശത്തിന് താന്‍ എതിരാണെന്നും സി ദിവാകരന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രായത്തിന്റെ തര്‍ക്കം ഇല്ല.
പ്രായപരിധി പരിഗണിച്ച് ഉപരിഘടകങ്ങളിലേക്ക് ആളെ എത്തിക്കണം. 75 കഴിഞ്ഞവരെ എടുക്കാന്‍ കഴിയില്ലെന്ന തീരുമാനമില്ല. അന്യാവശ്യ ഡിബേറ്റാണ് നടക്കുന്നത്.പ്രായപരിധിയുണ്ടോയെന്ന് ദേശീയ നേതൃത്വം പരിഗണിക്കട്ടെയെന്നും സി ദിവാകരന്‍ പറഞ്ഞു.
‘പ്രായമല്ല, ആരോഗ്യമാണ് പരിഗണിക്കേണ്ടത്. എല്ലാം മാറ്റത്തിന് വിധേയമാണ്. നേതൃമാറ്റം അനിവാര്യമാണ്. നേതൃത്വത്തില്‍ ഇരുന്നാണ് താന്‍ മരിക്കുകയെന്ന ആക്രാന്തം എന്തിനാണ്.’ സി ദിവാകരന്‍ ചോദിച്ചു.തന്നെ വെട്ടാന്‍ പലപ്പോഴും നോക്കിയിട്ടുണ്ട്. അതൊന്നും ഏല്‍ക്കില്ല. അതിലൊന്നും വീഴുന്ന ആളല്ല താനെന്നും സി ദിവാകരന്‍ പറഞ്ഞു.
തന്നെ സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിച്ച സമയത്ത് ബാലറ്റ് വഴി തെരഞ്ഞെടുക്കാമെന്നാണ് മുതിര്‍ന്ന നേതാവ് പറഞ്ഞത്, എന്നാല്‍ തെരഞ്ഞെടുപ്പ് വേണ്ട, താന്‍ മാറുകയാണെന്ന് അറിയിച്ചിരിക്കുകയായിരുന്നു. അന്ന് മാറിയത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. മാറിക്കൊടുത്തതോടെ തിരിച്ചുവരാന്‍ പാടില്ലെന്ന് അപൂര്‍വ്വം ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും സി ദിവാകരന്‍ പറഞ്ഞു.
75 വയസ് എന്ന നിബന്ധനക്ക് താന്‍ എതിരാണ്. സെക്രട്ടറിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒപ്പമുള്ളവര്‍ ഏകാധിപതി ആവാതെ നോക്കണം. സംസ്ഥാന സെക്രട്ടറിയുടെ കൂടെ നിന്ന് തെറ്റുകള്‍ ചൂണ്ടികാട്ടി തിരുത്തണമെന്നും ദിവാകരന്‍ പറഞ്ഞു.
‘കാനം എന്റെ ജൂനിയറാണ്. ജൂനിയേഴ്‌സുമായി ഏറ്റുമുട്ടാന്‍ ഞാന്‍ തയ്യാറല്ല. തിരുത്താന്‍ എല്ലാവരും വിധേയനാവില്ല. അതില്‍ എതിര്‍പ്പൊന്നുമില്ല. കാനം സെക്രട്ടറിയായിരുന്ന രണ്ട് ടേമിലും പാര്‍ട്ടി തീരുമാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അനുസരിച്ചിട്ടുണ്ട്.ഞാന്‍ അഹങ്കാരിയാണ്. തലക്കനം ഉള്ളവരാണെന്നാണ് എല്ലാവരും പറയുന്നത്.’ ദിവാകരന്‍ കൂട്ടിചേര്‍ത്തു.