11 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളം സ്വപ്‌നച്ചിറകിൽ പറന്ന 4 വർഷങ്ങൾ

ഉത്തര മലബാറിന്‍റെ വികസനസ്വപ്‌നങ്ങൾക്ക്‌ ചിറകേകിയ കണ്ണൂർ വിമാനത്താവളത്തിന്‌ വെള്ളിയാഴ്‌ച നാലുവയസ്‌. മൂർഖൻപറമ്പിൽ വിമാനത്താവളമെന്ന്‌ പറഞ്ഞു ചിരിച്ചവർക്കുമുന്നിൽ സംസ്ഥാനത്തെ വലിയ വിമാനത്താവളം തലയെടുപ്പോടെതന്നെ നിൽക്കുന്നു. നാലുവർഷം പിന്നിടുമ്പോൾ രാജ്യത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്. ഇതുവരെ യാത്ര ചെയ്തത് 37.86 ലക്ഷം പേർ.
ഉദ്ഘാടനം ചെയ്ത് പത്ത് മാസത്തിനുള്ളിൽതന്നെ യാത്രക്കാരുടെ എണ്ണം 10 ലക്ഷമായിരുന്നു. നാലുവർഷംകൊണ്ട് ശരാശരി 40 ലക്ഷത്തിലധികം പേർ വിമാനത്താവളം ഉപയോഗിക്കുമെന്ന കിയാലിന്‍റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് കോവിഡ് കാലമായിരുന്നു. പ്രതിസന്ധികളെ തരണം ചെയ്തുള്ള യാത്രയിൽ കോവിഡിന് മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തിന്‍റെ 75 ശതമാനത്തോളവും അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണത്തിലും വർധനയുണ്ടായി. കൂടുതൽ വിമാനങ്ങൾക്കും പുതിയ റൂട്ടുകൾക്കുമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, പുതുതായി വന്ന ആകാശ് എയർലയ്ൻസ്, ഗോ ഫസ്റ്റ് തുടങ്ങിയ വിമാന കമ്പനികളുമായി ചർച്ചയിലാണ്‌. ഇത് സംബന്ധിച്ച് നടത്തിയ സാധ്യതാപഠന റിപ്പോർട്ട് കിയാൽ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്. 14,15 തീയതികളിൽ ഇതിനായി ഡൽഹിയിലും ചർച്ച നടത്തുന്നുണ്ട്.

മലബാറിന്‍റെ എയർ കാർഗോ ഹബ് എന്ന നിലയിൽ വിമാനത്താവളത്തെ വികസിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കിയാലും സർക്കാരും. അയ്യായിരത്തോളം മെട്രിക് ടൺ കയറ്റുമതി ഇതിനകം സാധ്യമായി. കാർഗോ കോംപ്ലക്‌സ്‌ പ്രവർത്തനം ആരംഭിച്ച ആദ്യ മാസംതന്നെ 221 ടൺ പഴം പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കയറ്റിയയച്ചു. ഇലക്ട്രിക്‌ ഡാറ്റ ഇന്‍റർചേഞ്ച് സംവിധാനത്തിലൂടെയാണ് ചരക്കുനീക്കം നിയന്ത്രിക്കുന്നത്. 1200 ചതുരശ്രമീറ്റർ വിസ്തീർണവും 12,000 ടൺ ചരക്ക് ഉൾക്കൊള്ളാൻ ശേഷിയുമുള്ള കാർഗോ കോംപ്ലക്സിൽ കോൾഡ് സ്റ്റോറേജ് സംവിധാനവുമുണ്ട്. ഏഴായിരം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള 60,000 ടൺ സംഭരണ ശേഷിയുള്ള കാർഗോ കോപ്ലക്‌സിന്‍റെ നിർമാണം മാർച്ചിനുള്ളിൽ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version