കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി.മൂന്നുപേരില്‍ നിന്നായി ഒന്നര കോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍ നിന്ന് ഐഎക്സ് 716 ഫ്ളൈറ്റില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷാക്കിറില്‍ നിന്നും 745 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവും അതേ വിമാനത്തില്‍ തന്നെ എത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം ബാദുഷയില്‍ നിന്നും 350 ഗ്രാം തൂക്കം വരുന്ന പാഡ് ലോക്കിനുള്ളില്‍ ഒളിപ്പിച്ച സിലിന്‍ഡര്‍ ആകൃതിയിലുള്ള സ്വര്‍ണവും ഐഎക്സ് 714 മസ്കറ്റ് വിമാനത്തില്‍ എത്തിയ കണ്ണൂര്‍ തലശ്ശേരി പാലയാട് മുഹമ്മദ് ഷാനു എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
മുഹമ്മദ് ഷാക്കിറിന്റെ ചെക്ക് ഇന്‍ ബാഗേജ് വിശദമായി പരിശോധിച്ചപ്പോള്‍, സൈഡ് ബെഡ് ഷീറ്റില്‍ സൂക്ഷിച്ച കാര്‍ഡ്ബോര്‍ഡ് പാളികളില്‍ ഒട്ടിച്ച നേര്‍ത്ത ഫോയില്‍ രൂപത്തിലുള്ള സ്വര്‍ണം, ഒരു കളിപ്പാട്ട പെട്ടി, ചെറിയ സിലിണ്ടര്‍ പാഡ് ലോക്കിനുള്ളില്‍ ഒളിപ്പിച്ച ആകൃതിയിലുള്ള സ്വര്‍ണ്ണക്കഷണം എന്നിവയാണ് പിടിച്ചെടുത്തത്.
തലശ്ശേരി സ്വദേശി മുഹമ്മദ് ഷാനുവിന്റെ ചെക്ക് ഇന്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍, കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചതും കോണ്‍ ഫ്ളെക്കുകള്, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ പെട്ടികളില്‍ ഒട്ടിച്ചതുമായ രൂപത്തില്‍ സ്വര്‍ണം കണ്ടെത്തി.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ എന്‍.സി.പ്രശാന്ത്, കെ. ബിന്ദു, ഇന്‍സ്പെക്ടര്‍മാര്‍മാരായ നിവേദിത, ജിനേഷ്, ദീപക്, രാജീവ്.വി, രാംലാല്‍, ഓഫീസ് അസിസ്റ്റന്റ്മാരായ ഹരീഷ്, വി പ്രീഷ എന്നിവരാണ് കസ്റ്റംസ് സംഘത്തില്‍ ഉണ്ടായിരുന്നത്.