ഹജ്ജ് തീർഥാടന എംബാർക്കേഷൻ പോയിന്റായ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കങ്ങൾക്ക് വകുപ്പ്തലത്തിൽ നോഡൽ ഓഫീസർമാരായി. കെ കെ ശൈലജ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി. എടിസിയ്ക്കടുത്ത് നിർമിക്കുന്ന കാർഗോ ടെർമിനലിൽ ഹജ്ജ് ക്യാമ്പ് ഒരുക്കും. നിർദിഷ്ട ക്യാമ്പ് സൈറ്റ് ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. തീർഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം, വളന്റിയർ, വൈദ്യസഹായം, ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി, ഇന്റർനെറ്റ് ടെലിഫോൺ കണക്ഷനുകൾ, പാചക വാതക സൗകര്യം, കെഎസ്ആർടിസി സർവീസ്, റെയിൽവേ സ്വീകരണ സംവിധാനം തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് കെ കെ ശൈലജ എംഎൽഎ നിർദേശിച്ചു. ആദ്യമായാണ് കണ്ണൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റാവുന്നത്. സൗകര്യങ്ങൾ കാര്യക്ഷമമാക്കുമെന്ന് കിയാൽ എംഡി സി ദിനേശ് കുമാർ അറിയിച്ചു. സ്ത്രീകൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വിശദീകരിച്ചു. കലക്ടർ എസ് ചന്ദ്രശേഖർ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്സിൻ എംഎൽഎ, അഡ്വ. മൊയ്തീൻ കുട്ടി, കെ മുഹമ്മദ് കാസിം കോയ, പി പി മുഹമ്മദ് റാഫി, ഡോ. ഐ പി അബ്ദുൾ സലാം, പി ടി അക്ബർ തുടങ്ങിയവർ പങ്കെടുത്തു.