///
9 മിനിറ്റ് വായിച്ചു

അണ്ടലൂരിൽ ഇനി തെയ്യാട്ടക്കാലം

ധർമടം:മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ ബുധനാഴ്ച പുലർച്ചെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ ഭക്തരോടൊപ്പം ഇഷ്ടദൈവങ്ങൾ. ചൊവ്വാഴ്ച സന്ധ്യക്ക് ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപവും പൂജാദ്രവ്യങ്ങളുമായി പരമ്പരാഗത വഴിയിലൂടെ സ്ഥാനികർ മേലൂർ കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തിയതോടെയാണ് കുട പുറപ്പെടുന്ന ചടങ്ങുകൾക്ക് തുടക്കമായത്. ഓലക്കുടയുമായി കണിശസ്ഥാനികനും തിരുവായുധവുമായി പെരുംകൊല്ലനും എത്തി.ചടങ്ങുകൾക്കുശേഷം മേലൂർ മണലിലെത്തിച്ച കുടയെ ഭക്തർ വണങ്ങി. തുടർന്ന് കുട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വ്രതനിഷ്ഠരായ ഭക്തർ ഓംകാര ശബ്ദത്തോടെ ഓലക്കുടയെ അകമ്പടി സേവിച്ചു. കുട ക്ഷേത്രപരിസരത്തെത്തിയപ്പോൾ മേലൂർ ദേശവാസികളുടെ വകയായി ആചാരപരമായ കരിമരുന്ന് പ്രയോഗം നടന്നു. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്രത്തിലെത്തിയതോടെ ഉത്സവത്തിന്റെ ഭാഗമായ കെട്ടിയാട്ടങ്ങൾക്ക് തുടക്കമായി. അതിരാളവും മക്കളും (സീതയും ലവകുശന്മാരും), നാഗകണ്ഠൻ, നാഗ ഭഗവതി, തൂവക്കാലി, മലക്കാരി, പൊൻമകൻ, പുതുചേകോൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 12-ന് ക്ഷേത്രമുറ്റത്ത് ബാലിസുഗ്രീവ യുദ്ധം. സൂര്യാസ്തമയത്തോടെ ദൈവത്താർ (ശ്രീരാമൻ) പൊൻമുടി അണിയും.രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് നടക്കും. സീതയെ വീണ്ടെടുക്കാൻ ലങ്കയിൽ നടന്ന യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങളാണ് താഴെക്കാവിൽ നടക്കുക. ഞായറാഴ്ചയാണ് സമാപനം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version