കണ്ണൂർ ആസ്റ്റർ മിംസിൽ അത്യപൂർവ്വ ചിംനി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി 80 കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വയറിലെ മഹാധമനിയിൽ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്ത് ബോധക്ഷയം സംഭവിച്ച നിലയിലായിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പുറമേ കാലിലും ഹൃദയത്തിലും ബ്ലോക്കുകളും പരിശോധനയിൽ കണ്ടെത്തി.പ്രായവും ശ്വാസകോശ സംബന്ധമായ അസുഖവുമുള്ള രോഗിയെ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നൽകാൻ സാധിക്കുമായിരുന്നില്ല.ഇതേ തുടർന്നാണ് വളരെ സങ്കീർണമായ ചിംനി ശസ്ത്രക്രിയ ചെയ്യാൻ തീരുമാനമായത്.എട്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ സറ്റെന്റ് സ്ഥാപിക്കുകയും മഹാ ധമനിയിലെ വിള്ളൽ അടയ്ക്കുകയും വൃക്ക, കുടലിലേക്കുള്ള രക്തസഞ്ചാരം ഉറപ്പ് വരുത്തുകയുമാണ് ചെയ്തത്.ഇത്തരം സങ്കീർണമായ ശസ്ത്രക്രിയ ഉത്തര മലബാറിൽ ആദ്യമായാണ് ചെയ്യുന്നതെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.വാർത്താ സമ്മേളനത്തിൽ ഡോ.അനിൽകുമാർ, സർജറിക്ക് വിധേയനായ കീച്ചേരി സ്വദേശി പ്രൊഫ.ഇബ്രാഹിം കുട്ടി പങ്കെടുത്തു.