കണ്ണൂര്‍ : ആധുനിക വൈദ്യശാസ്ത്രത്തില്‍ ചികിത്സാ സംബന്ധമായി ഏറ്റവും വെല്ലുവിളി നേരിടേണ്ടിവരുന്ന മേഖലകളിലൊന്നാണ് വാരിയെല്ലിനേല്‍ക്കുന്ന പരിക്കുകള്‍. റോഡപകടങ്ങളിലോ, ഉയരങ്ങളില്‍ നിന്ന് വീഴുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും വാരിയെല്ലിന് പൊട്ടലുകള്‍ ഉണ്ടാവുക. ഇങ്ങനെ സംഭവിച്ചാല്‍ ശസ്ത്രക്രിയ വഴി ഭേദമാക്കുക എന്നതാണ് ഏറ്റവും ഉത്തമമായ ചികിത്സാ രീതി. നിലവില്‍ ഇത്തരം ശസ്ത്രക്രിയ നിര്‍വ്വഹിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഉത്തര മലബാറില്‍ ലഭ്യമായിരുന്നില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലാണ് പരിക്ക് സംഭവിക്കുന്നതെങ്കില്‍ പ്ലേറ്റും, സ്‌ക്രൂവും ഉപയോഗിച്ച് അസ്ഥി നേരെയാക്കാന്‍ സാധിക്കും എന്നാല്‍ വാരിയെല്ലിന് പൊട്ടല്‍ സംഭവിച്ചാല്‍ രോഗിക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയും വേദനാ സംഹാരികള്‍ നല്‍കുകയും മാത്രമായിരുന്നു പ്രതിവിധി.
ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിക്ക് ശ്വസനത്തിനും മറ്റും ബുദ്ധിമുട്ടനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. സ്വാഭാവികമായും ദീര്‍ഘനാള്‍ ഐ സി യു വിന്റെ യും വെന്റിലേറ്ററിന്റെയും സഹായം ആവശ്യമായി വരാറുണ്ട്. വേദനാസംഹാരികളുടെ ദീര്‍ഘനാളത്തെ ഉപയോഗം, സുദീര്‍ഘമായ ഐ സി യു-വെന്റിലേറ്റര്‍ വാസം, തുടങ്ങിയവ ഉയര്‍ത്തുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുവാനും, ഗുരുതരമായ അണുബാധ ഉള്‍പ്പെടെ സംഭവിക്കാനും ഇടയാവുകയും ചെയ്യുന്നു.
അതീവ സങ്കീര്‍ണ്ണമായ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത ടൈറ്റാനിയം പ്ലേറ്റ്, സ്‌ക്രൂ എന്നിവ ഇന്ന് ലഭ്യമായിരിക്കുന്നു. ആഗോളതലത്തില്‍ വന്നിരിക്കുന്ന ഈ നൂതനമായ ചികിത്സാ പുരോഗതിയെ ഉത്തര കേരളത്തില്‍ ആദ്യമായി സജ്ജീകരിച്ചിരിക്കുന്നത് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ജനറല്‍ ലാപ്പറോസ്‌കോപ്പിക് & തൊറാകോസ്കോപ്പി വിഭാഗമാണ്. ഈ ചികിത്സാ രീതിയില്‍ പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നത്.
അതികഠിനമായ വേദനയില്‍ നിന്നുമുള്ള ആശ്വാസം, ദീര്‍ഘകാലത്തെ ഐസിയു വാസം,ആശുപത്രിവാസം,വെന്റിലേറ്ററിന്റെ ഉപയോഗം എന്നിവയില്‍ നിന്നുള്ള മുക്തി, വളരെ പരിമിതമായ രീതിയില്‍ മാത്രം വേദനാസംഹാരികളുടെ ആവശ്യകത, ചികിത്സാ ചെലവിലുള്ള കുറവ്, തുടങ്ങിയവയെല്ലാം ഈ രീതിയുടെ നേട്ടങ്ങളാണ്. ജനറല്‍ ലാപ്പറോസ്‌കോപ്പിക് & തൊറാകോസ്കോപ്പി വിഭാഗത്തോടൊപ്പം തന്നെ കാര്‍ഡിയാക് സര്‍ജറി വിഭാഗം, എമർജൻസി വിഭാഗം അനസ്തീസിയ വിഭാഗം, പള്‍മണോളജി വിഭാഗം, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം എന്നിവയിലെ ഡോക്ടര്‍മാരുടെ സഹായവും പിന്തുണയും ഈ രീതിക്ക് ലഭ്യമാകുന്നുണ്ട്. പത്രസമ്മേളനത്തിൽ ഡോക്ടർമാരായ സൂരജ് കെഎം (CMS), പ്രസാദ് സുരേന്ദ്രൻ, ഐ സി ശ്രീനിവാസ്, ജിമ്മി സി ജോൺ, ദേവരാജ്, സുപ്രിയ രഞ്ജിത്ത്, ശ്രീജിത്ത് എം.ഒ, റിനോയ് ചന്ദ്രൻ, ജിനേഷ് വീട്ടിലകത്ത് എന്നിവർ പങ്കെടുത്തു.