കണ്ണൂര്‍ കോര്പ്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉള്‍പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗങ്ങളായി ചേരുന്നതിന് ഒരു അവസരം കൂടി നല്‍കും.
മാലിന്യ സംസ്കരണത്തിന് ഇനിയും ഹരിത കര്‍മ സേനയില്‍ രജിസ്റ്റര്‍ചെയ്യാന്‍ വിട്ട്പോയവര്‍ കോര്പറേഷന് ഏര്‍പെടുത്തിയ മൊബൈല്‍ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ചാല്‍ ബന്ധപെട്ട ജീവനക്കാര്‍ തിരികെ വിളിച്ച് രജിസറ്റര്‍ നടപടി സ്വീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ലാന്‍ഡ് ഫോണ്‍ സംവിധാനവും ഏര്‍പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 10 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ചുമതലപെടുത്തിയിട്ടുണ്ട്. മേല്‍ സംവിധാനത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഓഫീസ് സമയത്ത് ഈ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ വിളിച്ച് പരാതികള്‍ അറിയിക്കാം. വാര്‍ഡ് കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ വീട്ടുടമയെയും സ്ഥാപന ഉടമയെയും സഹായിക്കും.
നൂറ് ശതമാനം വീടുകളും , സ്ഥാപനങ്ങളും ഹരിത കര്‍മ സേനയില്‍ രജിസറ്റര്‍ ചെയ്ത് കോര്പറേഷന് മാലിന്യ വിമുക്ത പ്രഖ്യാപനം ഉടന്‍ നടത്താന്‍ തീവ്രശ്രമം നടത്തിവരികയാണെന്നും അവസരം നല്‍കിയിട്ടും മാലിന്യ സംസ്കരണവുമായി ഇനിയും സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും മേയര്‍ അഡ്വ. ടി.ഒ. മോഹനന് അറിയിച്ചു. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഫ്ളാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോര്പ്പറേഷന് ആരോഗ്യ വിഭാഗം കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
ജൈവ മാലിന്യങ്ങള്‍ സ്വന്തമായി സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറാനുമാണ് കോര്പ്പറേഷന് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇനിയും ചിലര്‍ ഹരിതകര്‍മസേനയ്ക്ക് അജൈവമാലിന്യങ്ങള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല. ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഹൈ കോടതി, സർക്കാർ നിർദേശം എന്നിവയുടെ അടിസ്ഥാനത്തിൽ പിഴചുമത്തല്‍, അവരുടെ കോര്‍പ്പറേഷനിലെ അവശ്യ സേവനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോകും. ഫ്ളാറ്റുകളില്‍ താമസിക്കുന്ന ഓരോ കുടുംബങ്ങളും വെവ്വേറെ ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത് മാലിന്യങ്ങള്‍ കൈമാറണം. ഹരിത കര്‍മ സേനയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മിസ് കോള്‍ അടിക്കേണ്ട നമ്പര്‍ 8593000022.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍ 04973501001.ഹരിത കര്‍മ സേനയുമായി ബന്ധപെടാന്‍ സാധിക്കാത്ത പരാതികള്‍ ഉള്ളവര്‍ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
സി.ഹംസ -7012793909, സി.ആര്.സന്തോഷ്കുമാര്‍- 9605034840.