കണ്ണൂർ കോർപ്പറേഷൻ പുതിയ ആസ്ഥാനമന്ദിരത്തിന് കെട്ടിടം നിർമ്മിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. നിലവിലുള്ള കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 25.74 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 2015 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നടത്തിയത്.
തുടർന്ന് കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിക്കുകയും ചെയ്തെങ്കിലും സാങ്കേതിക അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിട്ടു.പുതിയ ഭരണസമിതി 2020 ൽ അധികാരമേറ്റപ്പോൾ മുതൽ മേയറുടെ നേതൃത്വത്തിൽ കെട്ടിടനിർമാണം ആരംഭിക്കുന്നതിനു നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.സാങ്കേതിക അനുമതി ലഭിച്ച തുക ഭരണാനുമതി ലഭിച്ച തുകയേക്കാൾ കൂടുതൽ ആയപ്പോൾ അത് പരിഹരിക്കുന്നതിനും നിരന്തരം ഇടപെടേണ്ടി വന്നു.ഈ മാസം ഒമ്പതിന് ചേർന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ആയപ്പോൾ ഈ മാസം തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് മേയർ അറിയിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ടെണ്ടർ നടപടികൾ പൂർത്തിയായാൽ രണ്ടുവർഷംകൊണ്ട് തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മേയർ അഡ്വ. ടി. ഒ. മോഹനൻ പറഞ്ഞു.