/
12 മിനിറ്റ് വായിച്ചു

‘നഗര ശുചീകരണം ഇനി ഹൈടെക്’; കണ്ണൂർ കോർപ്പറേഷന്റെ പുതിയ ശുചീകരണ വാഹനം പ്രവർത്തനമാരംഭിച്ചു

കണ്ണൂരിന്‍റെ നഗരവീഥികള്‍ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി കണ്ണൂരിനെ മാറ്റുന്നതിനും വേണ്ടി കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റിനു സമീപം മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ നിര്‍വ്വഹിച്ചു.

ബസ് സ്റ്റാന്‍റ് പരിസരത്തെ മാലിന്യങ്ങളും, പൊടിപടലങ്ങളും നീക്കം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.6 ടണ്‍ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് ഈ വാഹനത്തില്‍ ഉണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിന് സാധിക്കും.
ഏത് പ്രതലത്തിലും പ്രവര്‍ത്തിക്കുന്നതിന് സാധിക്കും.

ഒരു മണിക്കൂര്‍ കൊണ്ട് 4 മുതല്‍ 10 വരെ കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ കഴിയും. റോഡിന്‍റെയും ഫുട്പാത്തിന്‍റെയും വശങ്ങളിലുള്ള മണല്‍ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം വഴി സാധിക്കും.മെട്രോ നഗരങ്ങളിലും, വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്.

നിലവില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഈ യന്ത്രം സ്വന്തമാക്കുന്നത്.75 ലക്ഷം രൂപ വില വരുന്ന ഈ വാഹനം കോയമ്പത്തൂര്‍ ആസ്ഥാനമായ Roots Multiclean Ltd. എന്ന സ്ഥാപനമാണ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്.

ഒരു വര്‍ഷമാണ് വാറണ്ടി. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് കേവലം ഒരു ജീവനക്കാരന്‍ മാത്രം മതിയാകും. അവര്‍ക്കാവശ്യമായ പരിശീലനം നിര്‍മ്മാണ കമ്പനി തന്നെ നല്‍കും.

പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
എം പി രാജേഷ് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ പി ഷമീമ ടീച്ചർ, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എ കുഞ്ഞമ്പു,എൻ.ഉഷ,സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ഹെൽത്ത് സൂപ്പർവൈസർ ബൈജു,പി പി കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version