കണ്ണൂർ : കണ്ണിനും മനസ്സിനും കുളിർമ്മയേകി കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി കലക്ട്രേറ്റ് മൈതാനിയിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിച്ച കണ്ണുർ ദസറക്ക് ആവേശോജ്ജ്വലമായ പരിസമാപ്തി. സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അനുഭൂതിയുടേയും,ആത്മീയതയുടെയും അനിർവചനിയമായ മൂല്യങ്ങൾ ഉയർത്തി ജാതി, മത, സാഹോദര്യവും ഹൃദയബന്ധങ്ങളും ഊട്ടി ഉറപ്പിക്കാൻ കണ്ണൂർ ദസറയ്ക്ക് കഴിഞ്ഞുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര സ്വാഗതം പറഞ്ഞു. കെവി സുമേഷ് എംഎൽഎ, അഡ്വ. കെ എൻ എ ഖാദർ, എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഡിസംബർ 28 , 29 തീയ്യതികളിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മെഗാ ഗ്ലോബൽ ജോബ് ഫെയറിൻ്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നിർവഹിച്ചു.സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിജയികളായ കണ്ണൂർ പ്രസ്സ് ക്ലബ്ബിനുള്ള ഉപഹാരം ടീം ക്യാപ്റ്റനും പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടുമായ സി സുനിൽ കുമാറും , റണ്ണേഴ്സ് അപ്പിനുള്ള ഉപഹാരം കോർപ്പറേഷൻ ടീം ക്യാപ്റ്റൻ മേയർ മുസ്ലിഹ് മഠത്തിലും ഏറ്റുവാങ്ങി. തുടർന്ന് താളം കണ്ണൂർ അവതരിപ്പിച്ച തിരുവാതിര, കലൈമാമണി പ്രിയ രഞ്ജിത്തിൻ്റെ നൃത്ത സന്ധ്യ, ഇ പി ശിവാനി അവതരിപ്പിച്ച കുച്ചിപ്പുടി എന്നിവക്ക് ശേഷം പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിച്ച ഗാനമേളയും അരങ്ങേറി.