കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാർ പഞ്ചായത്തിൽ ഏലപ്പീടികയ്ക്ക് സമീപം വനത്തിൽ ഉരുൾപൊട്ടി. ഇരുപത്തി ഏഴാം മൈൽ, പൂളക്കുറ്റി, ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. വെള്ളം കുത്തിയറിങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തി ബന്ധുവീടുകളിലേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണം.
കണിച്ചാർ കേളകം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഒരുമാസം മുൻപ് ഈ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രൻ, രണ്ടര വയസുകാരി നുമ തസ്ളീൻ എന്നിവർ മരിച്ചിരുന്നു. പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് മടങ്ങി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും ഭീതി പരത്തി ഉരുൾ പൊട്ടലുണ്ടായത്.