ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പിടിയില്‍. കണ്ണുര്‍ ശങ്കനല്ലൂര്‍ സ്വദേശി നെഹാല മഹലില്‍ ഹാരിസാണ്(52) പിടിയിലായത്. തട്ടിപ്പിന് ശേഷം ഒളിവില്‍ പോയ ഹാരിസിനെ ആലുവ പൊലീസാണ് കണ്ണൂരില്‍ നിന്ന് പിടികൂടിയത്. മൂന്നു മാസമായി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു ഇയാള്‍.
കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ആലുവ ബാങ്ക് കവലയില്‍ മഹാരാഷ്ട്ര സ്വദേശി സഞ്ജയുടെ വീട്ടില്‍ നിന്ന് പ്രതികള്‍ 50 പവനോളം സ്വര്‍ണവും 1,80,000 രൂപയും കവര്‍ന്നത്. ആദായ നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് സംഘം വീട്ടില്‍ കയറി പരിശോധന നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. മൊബൈല്‍ ഫോണില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് വീട്ടില്‍ കയറിപ്പറ്റിയത്.
തുടര്‍ന്ന് ഫോണുകള്‍ പിടിച്ചുവച്ച് വീട്ടുകാരെ സ്വീകരണമുറിയിലിരുത്തി സംഘം വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. 37.5 പവന്‍ സ്വര്‍ണം, 1,80,000 രൂപ, നാല് ബാങ്ക് പാസ്ബുക്കുകള്‍, ആധാര്‍, പാന്‍ തുടങ്ങിയ രേഖകള്‍ വീട്ടില്‍ നിന്ന് എടുത്ത ശേഷം പരിശോധനയ്ക്കായി ഇവയെല്ലാം ഓഫിസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറില്‍ എഴുതി സഞ്ജയിനെ കൊണ്ട് ഒപ്പു വപ്പിച്ചു.
എന്നാല്‍ ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ പിന്നീട് വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് ഫോണെടുത്തത്. തട്ടിപ്പ് മനസിലായ ഉടന്‍ സഞ്ജയ് പൊലീസില്‍ വിവരം അറിയിച്ചു.
തട്ടിപ്പില്‍ നേരിട്ട് പങ്കെടുത്തവരും സഹായികളും അടക്കം ഏഴ് പേര്‍ ഇതിനകം അറസ്റ്റിലായി. ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സൈബര്‍ സെല്ലിന്റെ സഹാത്തോടെ കണ്ണൂരില്‍ നിന്നു ഹാരിസിനെ പിടികൂടിയത്. ഹാരിസിന്റെ ഭാര്യ സുഹറയും കേസില്‍ പ്രതിയാണ്. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.