കണ്ണൂർ : പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കടയടപ്പിക്കാൻ എത്തിയ ഹർത്താൽ അനുകൂലികളെ ധീരമായി ചെറുക്കുന്ന മൊബൈൽ ടെക്നീഷ്യന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തളിപ്പറമ്പ് നാടുകാണി എളമ്പേരത്തെ സിസ്റ്റം കെയർ ഉടമ ആഷാദാണ് കടയടപ്പിക്കാനെത്തിയവരെ പ്രതിരോധിച്ചത്.
കട അടക്കണമെന്ന് പിഎഫ്ഐ പ്രവർത്തകർ ഭീഷണി മുഴക്കിയെങ്കിലും തനിക്ക് കുറച്ച് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും കടയടക്കാനാകില്ലെന്നും ആഷാദ് മറുപടി നൽകി. ഇതോടെ പ്രവർത്തകർ ഭീഷണിയായി. പിന്നാലെ ആഷാദ് പൊലീസിനെ വിളിക്കാൻ തുടങ്ങിയതോടെ കടയിലെ മേശയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ് കടയടപ്പിക്കാൻ എത്തിയവർ മടങ്ങി.
ആഷാദിന്റെ പരാതിയിൽ മേൽ അക്രമികൾക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടയടപ്പിക്കാനെത്തിയ ഹർത്താൽ അനുകൂലിയെ പ്രതിരോധിക്കുന്ന പയ്യന്നൂരിലെ നാട്ടുകാരുടെ വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു.
ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ചേർന്ന് ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ വളഞ്ഞിട്ട് കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തു.