ഇരിട്ടി നരിക്കുണ്ടത്ത് പൂവളപ്പിൽ ഹോം സ്റ്റേ മുറ്റത്തു തുണിയിൽ പൊതിഞ്ഞ നിലയിൽ പണവും 2 സ്ക്രൂഡ്രൈവറും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഹോംസ്റ്റേ കെട്ടിടത്തിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടി കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർഥിനികളാണ് ഇന്നലെ പുലർച്ചെ മുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ തുണിക്കെട്ടും കുടയും കാണുന്നത്.
അടുത്തു ചെന്ന് പരിശോധിച്ചപ്പോൾ സമീപത്ത് 2 സ്ക്രൂ ഡ്രൈവറുകളും 10 രൂപയുടെ നോട്ടുകൾ പുറത്ത് ചിതറി കിടക്കുന്നതും കണ്ടതോടെ ഇരിട്ടി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ തുണിക്കെട്ടിനകത്ത് കൂടുതൽ 10 രൂപ നോട്ടുകളും നാണയത്തുട്ടുകളും കണ്ടെത്തി.
ആരോ ഭണ്ഡാരം പൊളിച്ചു മോഷണം നടത്തിയതാകാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ ഹോംസ്റ്റേയുടെ ആയൽ വീട്ടിലെ നായകൾ ബഹളം വയ്ക്കുന്നതു ശ്രദ്ധയിൽ പെട്ടതായി ഇവിടത്തെ താമസക്കാർ പറഞ്ഞു.