//
13 മിനിറ്റ് വായിച്ചു

‘മൂന്നാം കണ്ണ് തെളിയും’; ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകൾ

കണ്ണൂർ ∙ ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം.അനധികൃത മണൽ മണൽ വാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയായിരിക്കും ക്യാമറകൾ സ്ഥാപിക്കുക.തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 189 ക്യാമറകൾ ഇവരുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ചത് വൻ വിജയമായിരുന്നു. കണ്ണൂർ കോർപറേഷനിലും ഇതേ മാതൃകയിൽ 120 ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ പൊലീസിനും ക്യാമറകൾ പ്രയോജനപ്പെടുന്നുണ്ടെന്ന് കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിലെ പ്രഫ. പി.സൂരജ് പറഞ്ഞു. വെള്ളക്കെട്ടുകൾ ഉണ്ടാക്കുന്ന അപകടങ്ങളിൽ ജാഗ്രത പാലിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. അപകടകരമായ വൈദ്യുത തൂണുകൾ നീക്കം ചെയ്യാൻ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. കണ്ണൂർ, ശ്രീകണ്ഠാപുരം സർക്കിളുകളിൽ കൺട്രോൾ റൂം തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഡിജിറ്റൽ സർവേയുടെ ഭാഗമായി തിരഞ്ഞെടുത്ത വില്ലേജുകൾക്ക് ക്യാംപ് ഓഫിസുകൾക്കായി കെട്ടിട സൗകര്യങ്ങൾ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ സമ്പൂർണ സ്ഥിതി വിവരശേഖരണത്തിനുള്ള വിവര സഞ്ചയികയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയും അവതരണം നടത്തി.

ഡപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി.രാജേഷ് പ്രധാനമന്ത്രി ജനവികാസ് പദ്ധതി വിശദീകരിച്ചു. 2022-23 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. കോർപറേഷൻ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് അംഗീകാരം നൽകി. സ്റ്റാറ്റസ് റിപ്പോർട്ട്, പദ്ധതിരേഖ, വികസന രേഖ എന്നിവ പൂർത്തിയാക്കി സമർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ മേയർ ടി.ഒ.മോഹനൻ, കെ.കെ.രത്‌നകുമാരി, ടി.സരള, കെ.വി.ഗോവിന്ദൻ, വി.ഗീത, എൻ.പി.ശ്രീധരൻ, ലിസി ജോസഫ്, ശ്രീന പ്രമോദ്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവരും പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version