/
10 മിനിറ്റ് വായിച്ചു

“അപകടകരമായ രീതിയിൽ വസ്തുക്കൾ വിഴുങ്ങുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നു”;ജാഗ്രത പുലർത്തണമെന്ന് ഡോ.വിഷ്ണു ജി കൃഷ്ണൻ

കണ്ണൂര്‍: അപകടകരമായ രീതിയില്‍ വസ്തുക്കള്‍ വിഴുങ്ങുന്നത് മൂലം ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ പാൽമനോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ.വിഷ്ണു ജി കൃഷ്ണൻ .സാധാരണഗതിയിലുള്ള കേസുകള്‍ക്ക് പുറമെ ഗുരുതരാവസ്ഥയിലാകുന്ന അനേകം കേസുകള്‍ സമീപകാലത്ത് അവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതീവ സങ്കീര്‍ണ്ണമായ രണ്ട് കേസുകളാണ് സമീപ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയത്. ഒന്നര വയസ്സുകാരന് നിലക്കടല കഴിക്കാന്‍ വീട്ടുകാര്‍ തന്നെ കൊടുത്തതാണ് ഇതില്‍ ഒന്ന്. വലിയ നിലക്കടലായിരുന്നതിനാല്‍ തൊണ്ടയില്‍ തടഞ്ഞ് നില്‍ക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു.
രണ്ടാമത്തെ കേസ് രണ്ടര വയസ്സുകാരിയാണ്. സ്‌കാര്‍ഫ് പിന്‍ വായില്‍ കടിച്ച് പിടിച്ചിരിക്കുന്നതിനിടയില്‍ പിന്നില്‍ നിന്ന് മറ്റൊരു കുട്ടി തള്ളുകയും വീഴ്ചയ്ക്കിടയില്‍ പിന്ന് വിഴുങ്ങി ശ്വാസകോശത്തിൽ തുളച്ച് കയറുകയുമായിരുന്നു. രണ്ട് കേസുകളിലും പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു .
നിലക്കടല പോലുള്ള വസ്തുക്കള്‍ ചെറിയ കുട്ടികള്‍ക്ക് കഴിക്കാന്‍ കൊടുക്കാതിരിക്കുക, സ്‌കാര്‍ഫ് പിന്‍ പോലുള്ളവ കുട്ടികള്‍ക്ക് എടുക്കാന്‍ സാധിക്കാത്ത രീതിയില്‍ വെക്കുക, എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ വിഴുങ്ങിയതായി തോന്നുകയോ ലക്ഷണങ്ങള്‍ കാണപ്പെടുകയോ ചെയ്താല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version