കണ്ണൂര്‍: കൂത്തുപറമ്പ് സമയപരധിക്ക് മുമ്പായി വീട് ജപ്തി ചെയ്തുവെന്ന പരാതിയില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വി എന്‍ വാസവന്‍. നടന്നത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെങ്കില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
തിങ്കളാഴ്ച്ച വൈകിട്ടാണ് ബാങ്ക് അധികൃതര്‍ വീടും സ്ഥലവും ജപ്തി ചെയ്തത്. 2012 ലാണ് സുഹറ വീട് നിര്‍മാണത്തിനായി കേരള സര്‍വീസ് സഹകരണ ബാങ്കിന്റെ തെക്കിബസാര്‍ ശാഖയില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. തുടര്‍ന്നുള്ള എട്ടുമാസം മുതലും പലിശയും അടക്കമുള്ള മാസവിഹിതം തിരിച്ചടച്ചിരുന്നു.ഇതുവരെ 4.34 ലക്ഷം രൂപ തിരിച്ചടച്ചു.
എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി.എന്നാല്‍ ജപ്തി ഒഴിവാക്കാന്‍ ബാങ്ക് 15 വരെ സമയം നല്‍കിയിരുന്നതായി കുടുംബം പറഞ്ഞു. ഇതിനിടെയാണ് തിങ്കളാഴ്ച്ച വൈകിട്ട് ബാങ്ക് ആര്‍ബിറ്റേഷന്‍ വിഭാഗമെത്തി ജപ്തി നടപടി പൂര്‍ത്തിയാക്കിയത്. സംഭവ സമയത്ത് സുഹറയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.
ജപ്തിയെ തുടര്‍ന്ന് വീട് കേരള സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോര്‍ഡും വെച്ചു.സാവകാശം ആവശ്യപ്പെട്ട് കുടുംബം മന്ത്രിമാര്‍ക്കുള്‍പ്പടെ നിവേദനം നല്‍ക്കിയെങ്കിലും നടപടി ഉണ്ടായില്ല. തികച്ചും അപ്രതീക്ഷിതമായാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടി പൂര്‍ത്തിയാക്കി വീട് സീല്‍ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.
എന്നാല്‍ ഒമ്പത് വര്‍ഷത്തിലധികമായി ഒരു രൂപ പോലും തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് ജപ്തി നടപടിയെന്നാണ് ബാങ്ക് അധികൃതര്‍ നല്‍ക്കുന്ന വിശദീകരണം. ജപ്തി വിവരം രേഖാമൂലം കുടുംബത്തെ അറിയിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.