//
22 മിനിറ്റ് വായിച്ചു

കണ്ണൂർ മഹോത്സവത്തിന് ഗംഭീര തുടക്കം; നാളെ സമാപിക്കും

ദുബൈ: യുഎഇയിലുള്ള കണ്ണൂരുകാരുടെ സമ്പൂർണ സംഗമത്തിന് വേദിയൊരുക്കി ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ദ്വിദിന കണ്ണൂർ മഹോത്സവത്തിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. മുൻ പ്രവാസികാര്യ വകുപ്പ് മന്ത്രിയും യുഡിഎഫ് കൺവീനറുമായ എം എം ഹസൻ ഉത്ഘാടനം ചെയ്തു. നാടിന്റെ തുടിപ്പുകൾ നെഞ്ചേറ്റി ഗൾഫ് മലയാളികൾ നടത്തുന്ന സാംസ്‌കാരിക ഇടപെടലുകൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും ഗൾഫ് മലയാളികൾ നടത്തിയിട്ടുള്ള സംഭാവനകളെ വിസ്മരിക്കാനാകില്ല. കണ്ണൂർ മഹോത്സവം കണ്ണൂരിന്റെ പുതിയ മാറ്റങ്ങളിലേക്ക് നിയയിക്കുന്നതാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മഹോസവത്തിന്റെ ഭാഗമായുള്ള ചരിത്ര-ചിത്ര പ്രദർശനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും സ്റ്റാളുകളുടെ ഉത്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനനും ഉത്ഘാടനം ചെയ്തു.

ചടങ്ങിൽ ഷാർജ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ടി കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കോർപറേഷൻ മേയർ ടി. ഒ മോഹനൻ, യുഎഇ കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി കെ അൻവർ നഹ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് വൈ. എ റഹീം, കണ്ണൂർ മഹോത്സവം ചെയർമാൻ പി കെ ഇസ്മായിൽ, അബ്ദുല്ല ചേലേരി, മലബാർ ഗോൾഡ് ഡയറക്ടർ എ കെ ഫൈസൽ, നിക്ഷാൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ എംഎംവി മൊയ്തു, ശ്രീറോഷ് ഡവലപ്പേഴ്‌സ് മാനേജിങ് ഡയറക്ടർ റെജി, എം സി ജലീൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂർ, ഹംസ തോട്ടി, അഡ്വ. ടി കെ ആഷിഖ്, അഡ്വ. സാജിദ് അബൂബക്കർ, ചാക്കോ ഊളക്കാടൻ, പുന്നക്കൻ മുഹമ്മദലി, അഡ്വ. നാസിയ ഷബീർ, എം പി മുരളി, ഹരിദാസൻ എന്നിവർ സംസാരിച്ചു. ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ടി പി അബ്ബാസ് ഹാജി സ്വാഗതവും എൻ യു ഉമ്മർകുട്ടി നന്ദിയും പറഞ്ഞു. രണ്ടു ദിവസത്തെ മുഴുനീള പരിപാടികളിൽ നാട്ടിലെയും ഗൾഫിലെയും പ്രമുഖ ബ്രാന്ഡുകളുടെയും സേവന ദാതാക്കളുടെയും സ്റ്റാളുകൾ വഴി നിരവധി ഓഫറുകളും ഡിസ്‌കൗണ്ട് വൗച്ചറുകളും ലഭ്യമാകും. രണ്ടു ദിവസത്തെയും പരിപാടികളിൽ പ്രവേശനം സൗജ്യമാണ്.

ഞായർ രാവിലെ 11 മണിക്ക് നടക്കുന്ന മുഖ്യധാരാ-പ്രാദേശിക സംഘടനകളുടെ സൗഹൃദ സംഗമത്തിൽ ഗൾഫിലെ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും നോർക്ക പ്രതിനിധികളും സംബന്ധിക്കും. കണ്ണൂർ ജില്ലയിൽ നിന്നുള്ള മഹല്ല്-ക്ഷേത്ര കമ്മിറ്റികൾ, സാംസ്‌കാരിക-കായിക കൂട്ടായ്മകൾ ഉൾപ്പെടെ നൂറിലേറെ സംഘടനകളുടെ ഭാരവാഹികൾ പരിപാടിയിൽ അതിഥികളായെത്തും. ഉച്ചക്ക് 2 മണിക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള അലുംനി-കേമ്പസ് മീറ്റ് നടക്കും. നാട്ടിൽ നിന്നുള്ള നേതാക്കളും ഗൾഫിലെ കാമ്പസ് പ്രതിനിധികളും സംബന്ധിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ബിസിനസ് കോൺക്ലേവിൽ മോട്ടിവേഷൻ സ്പീക്കറും തിരുവന്തപുരത്തെ മാജിക്കൽ സയൻസസ് അക്കാദമി ചെയർമാനുമായ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കും. കണ്ണൂരുകാരായ നാനൂറിലേറെ സംരംഭകർ പരിപാടിയിൽ പങ്കെടുക്കും. ഡോ. എം കെ മുനീർ എം എൽ എ, കണ്ണൂർ കോർപറേഷൻ മേയർ ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഗൾഫിലെയും നാട്ടിലെയും സംരംഭക സാരഥികൾ ചടങ്ങിൽ പങ്കെടുക്കും.

വൈകുന്നരം 6 മണി മുതൽ നടക്കുന്ന സമാപന സാംസ്‌കാരിക സംഗമത്തിൽ ഡോ. എം കെ മുനീ൪, യുവനടി അനു സിതാര, രാഷ്ട്രീയ-സാംസകാരിക നേതാക്കൾ, ഗോപിനാഥ് മുതുകാട് എന്നിവർ പങ്കെടുക്കും. വിവിധ മേഖലകളിൽ മുദ്ര ചാർത്തിയവരെ ചടങ്ങിൽ ആദരിക്കും. മലയാള സിനിമ സംഗീത മേഖലയിൽ തിളങ്ങി നിൽക്കുന്ന കണ്ണൂർ ശരീഫ്, നാരായണി ഗോപൻ, അക്ബർ ഖാൻ, വേദമിത്ര, ക്രിസ്റ്റകല എന്നിവർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻപേർക്കും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ 25% ഡിസ്‌കൗണ്ട് ലഭിക്കാവുന്ന പ്രിവിലേജ് കാർഡുകൾ ലഭിക്കും.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version