///
14 മിനിറ്റ് വായിച്ചു

കണ്ണൂരില്‍ മില്‍മ ടീ സ്റ്റാള്‍ അടിച്ചു തകര്‍ത്തു, പലഹാരങ്ങള്‍ നശിപ്പിച്ചു; തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ മിൽമ ടീസ്റ്റാൾ അടിച്ച് തകർത്തു.  പലഹാരങ്ങൾ ഉൾപ്പെടെ നശിപ്പിച്ചു. രണ്ട് പേരെത്തി ഇരുമ്പ് വടി കൊണ്ട് അടിച്ച് തകർക്കുകയായിരുന്നു. കടയിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.

പോപ്പുലര്‍ ഫ്രണ്ടിന് സ്വാധീനമുള്ള മേഖലയിലാണ് അക്രമം നടന്നത്. കട ഉടമ സത്താർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. പൊലീസ് സി സി ടിവി പരിശോധിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പയ്യന്നൂരില്‍ തുറന്ന വ്യാപാര സ്ഥാപനങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാമന്തളി, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ നിന്ന് എത്തിയ പിഎഫ്ഐ പ്രവര്‍ത്തകരാണ് പയ്യന്നൂര്‍ സെന്‍റര്‍ ബസാറില്‍ തുറന്ന ചില കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത്.

ആദ്യം സ്ഥലത്ത് എത്തിയ ഇവര്‍ കടക്കാരോട് കട അടച്ചിടാന്‍ പറഞ്ഞെങ്കിലും കടക്കാര്‍ വിസമ്മതിച്ചതോടെ ബലപ്രയോഗത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇവിടെ ഉണ്ടായിരുന്ന നാട്ടുകാരും, ഓട്ടോക്കാരും ഇവരെ എതിര്‍ത്ത് രംഗത്ത് വന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പയ്യന്നൂര്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു.

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണമുണ്ടായി. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിഎഫ്ഐ പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു. രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. പെട്രോൾ ബോംബേറിൽ കെട്ടിടത്തിലെ ജനൽ ചില്ലുകൾ തകർന്നു.

ചെറിയ രീതിയിൽ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം.പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. കണ്ണൂർ ഉളിയിൽ നരയൻപാറയിലും സമാനമായ രീതിയിൽ പെട്രോൾ ബോംബേറുണ്ടായി.

രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version