പ്രശസ്ത സാഹിത്യകാരൻ സുബ്രമണ്യൻ കുറ്റിക്കോൽ (70) അന്തരിച്ചു.1987 മുതൽ സി.പി.ഐ എം കുറ്റിക്കോൽ പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. നോവൽ, കഥ, കവിത, ബാലസാഹിത്യം , നാടകം , പഠന ഗ്രന്ഥങ്ങൾ എന്നിങ്ങനെ12 ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കവിതയിലെ വൃത്തവും താളവും എന്ന ഗവേഷണ ഗ്രന്ഥം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മാനവ സൗഹൃദ മന്ദിരം ഉൽഘാടനവേദിയിൽ പ്രകാശനം ചെയ്തു.
ഒട്ടേറെ നാടക മത്സരങ്ങളിൽ ജഡ്ജ് ആയി പ്രവർത്തിക്കുകയും പത്രമാധ്യമങ്ങളിൽ നിരൂപണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കോൽക്കളി, പൂരക്കളി എന്നിവക്ക് ആനുകാലിക വിഷയം ഉൾപ്പെടുത്തി പുതിയ പാട്ടുകൾ രചിച്ചിട്ടുണ്ട്.മഹാഭാരത കഥയെ ആസ്പദമാക്കി ഖാണ്ഡവം, ഭീഷ്മനും ശിഖണ്ഡിയും , ച്യവനപർവം എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. പാര, അശ്വന്തം , നീതിപാലകരുടെ രാത്രി, ചികിത്സ എന്നീ നാടകങ്ങൾ കുറ്റിക്കോൽ യുവജന കലാസമിതി അവതരിപ്പിച്ചിട്ടുണ്ട്.
മുദ്രാവാക്യങ്ങളും DYFI യുടെ കാൽനട ജാഥകളിലുള്ള ഒട്ടേറെ മാർച്ചിംഗ് സോങ്ങുകൾ സുബ്രഹ്മണ്യൻ രചിച്ചതാണ്.അച്ഛൻ പരേതനായ പറശ്ശിനി മഠപ്പുര കുഞ്ഞിരാമൻ, അമ്മ പരേതയായ തൈക്കണ്ടി കല്യാണിയമ്മ, സഹോദരൻ ടി.രാമകൃഷ്ണൻ (PWDകോൺട്രാക്ടർ ) . പുരോഗമന കലാ സാഹിത്യ സംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല സംഘം,ദീർഘ കാലം കുറ്റിക്കോൽ യുവജന വായനശാല സെക്രട്ടറി, ലൈബ്രേറിയൻ, എന്നീ നിലകളിൽ പ്രവർത്തിച്ചു.നവമാധ്യമങ്ങളിൽ രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ് ശ്രീ സുബ്രഹ്മണ്യൻ .
മൊഴിയാളൻ എന്ന ഉപഭോക്തൃ നാമത്തിൽ ബ്ലോഗിൽ സജീവമാണ്. ജന്മനാ ഹൃദയ വാൾവിന് തകരാറുകൾ ഉണ്ടായെങ്കിലും എല്ലാ രംഗങ്ങളിലും സജീവമായിരുന്നു.ഭൂരിഭാഗം കൃതികളും മൊബൈലിൽ സ്വയം ടൈപ്പ് ചെയ്താണ് പ്രിൻറിംഗിന് അയച്ചത്. ഇന്ന് രാവിലെ 8 മണി മുതൽ കുറ്റിക്കോൽ യുവജന വായനശാലയിൽ പൊതു ദർശനത്തിനു വെക്കും.സംസ്കാരം രാവിലെ11.30 ന് ചേണിയൻ കുന്ന് പൊതു ശ്മശാനത്തിൽ.