കണ്ണൂർ∙ നഗരത്തിലെ പാർക്കിങ്ങിനെ ചൊല്ലി ഓട്ടോ തൊഴിലാളികളും വ്യാപാരികളും തമ്മിൽ തർക്കം. കാൽടെക്സിൽ എൻഎസ് തിയറ്ററിനു സമീപം കടകൾക്ക് മുൻപിലെ ഓട്ടോ പാർക്കിങ് കേന്ദ്രത്തിൽ ഇന്നലെ രാവിലെ 10 30ഓടെയാണ് തർക്കമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസിനു നേരെയും വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസവും ഇവിടെ പാർക്കിങ്ങുമായി ബന്ധപ്പെട്ടു വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. കടയ്ക്ക് മുൻപിൽ കടയിലേക്ക് വന്നയാൾ പാർക്ക് ചെയ്ത സ്കൂട്ടർ ഓട്ടോ ഡ്രൈവർമാരിൽ ചിലർ മാറ്റാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിനിടയാക്കിയത്.
ഇന്നലെയും ഇതേ സ്ഥിതി തുടർന്നു. തർക്കവും ഉടലെടുത്തു. പരിമിതമായ എണ്ണം ഓട്ടോകൾക്കു മാത്രം പാർക്ക് ചെയ്യാൻ അനുമതിയുള്ള ഇവിടെ നിരവധി ഓട്ടോകൾ കടകൾക്കു മുൻപിലായി പാർക്ക് ചെയ്യുന്നത് വ്യാപാരത്തിന് തടസ്സമാകുന്നതായി വ്യാപാരികൾ പറയുന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനോ നടന്നു വരാനോ സാധിക്കാത്ത അവസ്ഥയാണെന്നും വ്യാപാരികൾ പറഞ്ഞു.അനധികൃത പാർക്കിങ്ങിനെതിരെ നടപടിയില്ലെന്നു ഓട്ടോ തൊഴിലാളികളും പറയുന്നു.പ്രശ്ന പരിഹാരത്തിനായി പൊലീസ് സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇവിടം 15 ഓട്ടോറിക്ഷകൾ മാത്രം പാർക്ക് ചെയ്യാമെന്നു നിർദേശിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിലേക്ക് പോകാൻ വഴി നൽകണം. 3 ഓട്ടോകൾ വിട്ട് ചെറിയ സ്ഥലം ഒഴിവാക്കാനും നിർദേശിച്ചതായി ട്രാഫിക് എസ്ഐ വി.വി.മനോജ് അറിയിച്ചു.