പഴയങ്ങാടി: പയ്യന്നൂരില്‍ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു.നാല് വര്‍ഷം മുമ്ബ് തുടങ്ങിയ സര്‍വീസാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഏറേ പ്രതീക്ഷയോടെ ആരംഭിച്ച സര്‍വീസുകളാണിത്.പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് നാല് ബസുകളും കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ആറ് ബസുകളും ഉള്‍പ്പെടുത്തി 10 ബസുകള്‍ ഉപയോഗിച്ച് ഓരോ 15 മിനുട്ട് കൂടുമ്ബോഴും സര്‍വീസ് നടത്തുകയായിരുന്നു ലക്ഷ്യം.ദേശീയപാത വഴി തളിപ്പറമ്ബിലൂടെ പോകുന്നതിനേക്കാള്‍ അഞ്ചു കിലോമീറ്ററിന്റെയും ബസ് നിരക്കില്‍ മൂന്നു രൂപയുടെയും കുറവു വരുന്നതോടെ കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ളതും തിരിച്ചുമുള്ള കൂടുതല്‍ യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.
ജില്ലയില്‍ ഏറ്റവും തിരക്കേറിയ റൂട്ടായിരുന്നു കണ്ണൂര്‍ -പഴയങ്ങാടി -പയ്യന്നൂര്‍. 1976ല്‍ പഴയങ്ങാടി പാലം നിര്‍മ്മിച്ചതുമുതല്‍ ഈ റൂട്ട് ദേശസാല്‍ക്കരിക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വിജ്ഞാപനമിറങ്ങിയില്ലെങ്കിലും തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകളായിരുന്നു കൂടുതല്‍ സര്‍വീസ് നടത്തിയിരുന്നത്.ജീവനക്കാരുടെ കുറവും, ബസ് സര്‍വീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി ചെയിന്‍ സര്‍വീസുകള്‍ കൊവിഡ് കാലത്തിന് മുമ്ബെ നിര്‍ത്തലാക്കിയിരുന്നു. പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും നിലവില്‍ ഒരു ബസ് മാത്രമാണ് സര്‍വീസ് നടത്തി വരുന്നത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 11 മണിക്ക് കണ്ണൂരില്‍ എത്തിച്ചേരുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കായി ആരംഭിച്ച കണ്ണൂര്‍-പഴയങ്ങാടി- കാഞ്ഞങ്ങാട് സര്‍വ്വീസ്, പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 5 മണിക്ക് ആരംഭിച്ച് പഴയങ്ങാടി വഴി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 6 മണിക്ക് എത്തിച്ചേരുന്ന സര്‍വീസ് എന്നിവയും നിര്‍ത്തിയിട്ട് മാസങ്ങളായി.
കൂടുതല്‍ സര്‍വീസുകള്‍ നിര്‍ത്തി
മാടായിക്കാവ് – കാസര്‍കോട് സര്‍വീസ്, പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനില്‍ എത്തി ചേരുന്നവര്‍ക്കുവേണ്ടി ആരംഭിച്ച സര്‍വീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ സര്‍വ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.
എം.എല്‍.എ നിവേദനം നല്കി
യാത്രക്കാര്‍ക്ക് ഏറേ ഉപകാരപ്രദമായി ഉപയോഗിച്ചു വന്ന സര്‍വീസുകള്‍ ആണ് നിര്‍ത്തിലാക്കിയിരിക്കുന്നത്. കണ്ണൂര്‍ – പഴയങ്ങാടി – പിലാത്തറ – പയ്യന്നൂര്‍ റൂട്ടില്‍ നിര്‍ത്തലാക്കിയ മുഴുവന്‍ കെ.എസ്.ആര്‍.ടി സി ബസ് സര്‍വീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം. വിജിന്‍ എം.എല്‍.എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നല്കി.