കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂർ ഉൾപ്പെട്ടത്. അവസാന നിമിഷമാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയത്.
25 ലക്ഷത്തിലധികം യാത്രക്കാർ പ്രതിവർഷം കണ്ണൂരിൽ നിന്ന് യാത്ര ചെയ്യുന്നുണ്ട്. 25 കോടിയോളം രൂപയാണ് വാർഷിക വരുമാനം. മൂന്ന് ജോഡി വണ്ടികൾ ഒഴികെ 100-ലധികം വണ്ടികൾ കണ്ണൂരിൽ നിർത്തുന്നു. എന്നാൽ വണ്ടികൾ സ്ഥിരം നിർത്തി ഇടാനുള്ള പ്ലാറ്റ്ഫോമോ യാർഡോ കണ്ണൂരിലില്ല.
പാലക്കാട് ഡിവിഷനിൽ പൊള്ളാച്ചി, ഷൊർണൂർ, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒറ്റപ്പാലം, നിലമ്പൂർ റോഡ്, ഫറോക്ക്, വടകര, പരപ്പനങ്ങാടി, തിരൂർ, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു സെൻട്രൽ എന്നിവ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിനായി 195 കോടി വകയിരുത്തി. കഴിഞ്ഞ ദിവസം റെയിൽവേ പുറത്തിറക്കിയ പട്ടികയിലാണ് ദക്ഷിണ റെയിൽവേയിലെ 48 സ്റ്റേഷനുകളിൽ കണ്ണൂരും അമൃത് ഭാരതിൽ ഉൾപ്പെട്ടത്.