കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ എത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സമയം.
അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഒന്നാം പ്ലാറ്റ്ഫോമിലും കിഴക്കെ കവാടത്തിലും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരും. എല്ലാ സമയവും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിന് റെയിൽവേ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടിപ്പോകുന്നത് പരാതിക്ക് ഇടയാക്കായിരുന്നു.
യാത്രക്കാർക്ക് യുടിഎസ് ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. സ്റ്റേഷനിൽ ക്യു.ആർ കോഡ് സ്കാനിങ് സംവിധാനമുണ്ട്. ദിവസ ടിക്കറ്റ്, സീസൺ ടിക്കറ്റ് ഉൾപ്പെടെയും എടുക്കാം.