കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോത്സവം മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍കോട് ഗവ.കോളജില്‍ നടക്കും.കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപവത്കരണം രാജ്മോഹന്‍ ഉണ്ണിത്താന് എം.പി ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് സ്വാഗതസംഘം ചെയര്മാന്. ഇതാദ്യമായാണ് കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തിന് പൂര്‍ണമായും കാസര്‍കോട് ഗവ.കോളജ് വേദിയാകുന്നത്. കോളജില്‍ നടന്ന സംഘാടക സമിതി രൂപവത്കരണ ചടങ്ങില്‍ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്മാന് അഡ്വ എം.കെ. ഹസന് അധ്യക്ഷനായി. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കലോത്സവം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു.മുന്‍ സെനറ്റ് അംഗം ആല്‍ബില്‍ മാത്യുവാണ് സ്വാഗതസംഘം കണ്‍വീനര്‍. കാസര്‍കോഡ് നഗരസഭ ചെയര്മാന് അഡ്വ. വി.എം. മുനീറാണ് വൈസ് ചെയര്മാന്.501 അംഗ സംഘാടക സമിതിയും 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയുമാണ് രൂപവത്കരിച്ചത്.കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 20 സബ് കമ്മിറ്റികളും നിലവില്‍വന്നു. അഞ്ച് ദിവസങ്ങളിലായി 120ഓളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസര്‍കോട് ഗവ.കോളജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിവിധ ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവര്‍ സംഘാടകസമിതി രൂപവത്കരണത്തില്‍ പങ്കെടുത്തു. സി.എച്ച്. കുഞ്ഞമ്ബു എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ , നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അബ്ബാസ് ബീഗം, ടൗണ്‍ സി.ഐ പി.അജിത്ത് കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എ. അശോകന്, പ്രമോദ് വെള്ളച്ചാല്‍, ഡോ. രാഖി രാഘവന്, സ്റ്റുഡന്‍സ് സര്‍വിസ് ഡയറക്ടര്‍ ഡോ. ടി.പി.നഫീസ ബേബി , കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഹരി കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.വി.ശില്പ സ്വാഗതവും ബി.കെ. ഷൈജിന നന്ദിയും പറഞ്ഞു.