കണ്ണൂർ: കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ കോഴ്സിൽ സെമസ്റ്റർ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല. ബി.എ ഹിന്ദി കോഴ്സിൽ ആറാം സെമസ്റ്ററിലുള്ള ‘ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത’ പേപ്പറിന് വേണ്ടിയുള്ള ‘കാവ്യ രത്നാകർ’ എന്ന പുസ്തകമാണ് ഇനിയും വിദ്യാർഥികളിൽ എത്താത്തത്. സെമസ്റ്റർ തുടങ്ങി രണ്ടര മാസമെത്താറായിട്ടും പുസ്തകം ലഭിക്കാത്ത അവസ്ഥയാണ്. വാണി പ്രകാശൻ ഡൽഹിക്കാണ് പുസ്തക പ്രസിദ്ധീകരണത്തിനുള്ള ചുമതല. 2019 ജൂൺ 20നാണ് നടപ്പ് ബിരുദ കോഴ്സിലേക്കുള്ള സിലബസ് തയാറായത്. മൂന്നുവർഷം പൂർത്തിയാകുന്ന സമയത്തുപോലും നിശ്ചയിച്ച പാഠപുസ്തകം തയാറാകാത്തത് തികഞ്ഞ അലംഭാവമായാണ് ചൂണ്ടിക്കാണിക്കുന്നത്. കണ്ണൂർ സർവകലാശാല യു.ജി പഠന ബോർഡിന്റെ നിർദേശ പ്രകാരമാണ് ഈ പാഠഭാഗം സിലബസിൽ ഉൾപ്പെടുത്തിയത്.