കൊച്ചി: കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരായ അപ്പീൽ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15 ലേക്ക് മാറ്റി.വൈസ് ചാൻസലർ ആയി ഡോ ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീൽ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് സർവ്വകലാശാലാ ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. വിസി നിയമനത്തിനുളള പ്രായപരിധി മാനദണ്ഡം ലംഘിച്ചെന്നും സെർച്ച് കമ്മിറ്റിയുടെ പരിശോധന ഇല്ലാതെയാണ് നിയമനമെന്നുമാണ് അപ്പീലിലുളളത്. യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നുപോകുന്നതല്ലെന്നും അപ്പീലിൽ പറയുന്നു. കേസിൽ ഗവർണ്ണറടക്കമുള്ള എതിർ കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. വി സി പുനർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പടെ ആവശ്യമില്ലെന്നായിരുന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബഞ്ച് ഹർജി തള്ളിയത്. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസമായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.