കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ നഗരറോഡ് വികസനത്തിൻ്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ എത്തിയിരിക്കുകയാണ്. മേലെചൊവ്വ ഫ്ളൈ ഓവർ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ് തന്നെ നേരിട്ട് ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. മേലെ ചൊവ്വ-മട്ടന്നൂർ വിമാനത്താവള റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ദീർഘ കാലത്തെ സ്വപ്‌ന പദ്ധതിയാണ് മേലെചൊവ്വ ഫ്ളൈ ഓവർ.
ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കണ്ണൂർ നഗരറോഡ് വികസന പദ്ധതി ഉൾപ്പെടെ യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു. 748 കോടിയുടെ നഗരറോഡ് വികസന പദ്ധതിയിൽ 200 കോടി രൂപ നഷ്ട പരിഹാരത്തിനായി നീക്കി വെച്ചിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ നഗരത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.