ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. പൊതുശത്രുവിനെതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവർ മാറ്റിനിർത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിലുണ്ട്. മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃ ക്യാന്മിലാണ് തരൂരിന് പിന്തുണ നൽകിയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചും യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്. വിലക്കുകൊണ്ട് ജനപിന്തുണ ഇല്ലാതാക്കാനാവില്ലെന്ന് നേതാക്കൾ മനസിലാക്കണം. സ്വന്തം ബൂത്തിൽ പോലും ഇടപെടൽ നടത്താതെ അഖിലേന്ത്യാ തലത്തിൽ പൂമ്പാറ്റയായി മാറുന്ന നേതാക്കളെ കൊണ്ട് പാർട്ടിക്ക് എന്താണ് ഗുണമെന്ന് പ്രമേയത്തിൽ ചോദിക്കുന്നു.
സമര മുഖങ്ങളിലെ ആവേശം ക്യാമറ ആംഗിളുകൾക്ക് അനുസരിച്ചാവുന്നത് ലജ്ജാകരമാണ്. ചാനൽ ക്യാമറകൾക്ക് മുന്നിലെ നേതാക്കളുടെ വൺ മാൻ ഷോ അവസാനിപ്പിക്കണം. യുവ നേതാക്കൾ വളർന്നു വരരുതെന്ന് കരുതുന്ന മാടമ്പി സ്വഭാവമുള്ള ചില നേതാക്കൾ പാർട്ടിയിലുണ്ടെന്നും സംഘടനാ പ്രമേയത്തിൽ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ തട്ടകത്തിലെ യൂത്ത് കോൺഗ്രസ് ശശിതരൂരിനെ പിന്തുണച്ച് രംഗത്ത് വന്നത് രാഷ്ട്രീയപരമായി ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്.