ന്യൂഡൽഹി
ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് മൂന്നുദിവസം ബാക്കിയിരിക്കെ ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി. 12ന് ചാമ്പ്യൻഷിപ് തുടങ്ങാനിരിക്കെ ഷോട്ട്‌പുട്ട് താരം കരൺവീർ സിങ് മരുന്നടിക്ക് പിടിയിലായി. മേയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ ഇരുപത്തഞ്ചുകാരൻ വെങ്കലം നേടിയിരുന്നു. ഇതോടെ ടീമിന്റെ അംഗ സംഖ്യ 53 ആയി കുറഞ്ഞു. തജീന്ദർപാൽ സിങ് ടൂർമാത്രമാണ് ഇനി ടീമിലെ ഷോട്ട്‌പുട്ട് താരം. തായ്‌ലൻഡിലെ ബാങ്കോക്കിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്. പട്യാല, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലെ പരിശീലന ക്യാമ്പിനുശേഷമാണ് ഇന്ത്യൻ ടീം പുറപ്പെട്ടത്. ടീമിൽ 10 മലയാളികളുണ്ട്. സംഘത്തിന്റെ ചുമതല ഒളിമ്പ്യൻ അഞ്‌ജു ബോബി ജോർജിനാണ്.
ഇരുപത്തേഴ് അംഗ പുരുഷടീമിൽ എട്ട് മലയാളികൾ. ലോങ്ജമ്പിൽ എം ശ്രീശങ്കറും 1500 മീറ്റർ ഓട്ടത്തിൽ ജിൻസൻ ജോൺസണുമുണ്ട്. 800 മീറ്ററിൽ മുഹമ്മദ് അഫ്‌സൽ, ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കർ എന്നിവർ മത്സരിക്കും. മുഹമ്മദ് അജ്‌മൽ 400 മീറ്റർ, 4 x 400 മീറ്റർ റിലേ, മിക്സ്‌ഡ് റിലേ എന്നിവയിൽ പങ്കെടുക്കും.
മുഹമ്മദ് അനസ് റിലേ ടീം അംഗമാണ്. ഡൽഹി മലയാളിയായ അമോജ് ജേക്കബ് രണ്ട് റിലേയിലും അണിനിരക്കും. കന്നഡ മലയാളി മിജോ ചാക്കോ കുര്യനും റിലേയിലാണ്.ഇരുപത്താറ് വനിതകളിൽ ആൻസി സോജനും (ലോങ്ജമ്പ്) ജിസ്‌ന മാത്യുവുമാണ് (4 x 400 മീറ്റർ റിലേ) മാത്രമാണ് മലയാളികൾ.