കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്.
ശത്രു സൈന്യത്തെയും പ്രതികൂല കാലാവസ്ഥയേയും തകർത്തെറിഞ്ഞ പോരാട്ടം. ശത്രുവിനെ സ്വന്തം പാളയത്തിലേക്ക് തുരത്തിയോടിച്ച സൈനികശക്തി. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്റെ കഥയാണ് കാർഗിലിലേത്.
കാര്‍ഗിലിലെ മലമുകളിൽ അപരിചിതരായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപ്പെടുത്തിയിരുന്നു. ആട്ടിടയന്മാർ അത് ഇന്ത്യൻ സൈന്യത്തെ അറിയിച്ചു.അന്വേഷണത്തിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തിൽ കുളിച്ച്. രണ്ടാം തെരച്ചിൽ സംഘത്തിലെ നിരവധി പേര്‍ മരിച്ചു. നിരീക്ഷണ പറക്കൽ നടത്തിയ യുദ്ധവിമാനങ്ങൾ പാക് സേന വെടിവച്ചിട്ടു. അതിര്‍ത്തിയിൽ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ഓപ്പറേഷന്‍ വിജയ് എന്ന് പേരിട്ട് സൈനിക നടപടി.
മഞ്ഞുകാലത്ത് മലമുകളിൽ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിൻവാങ്ങും. അത് മുതലെടുത്താണ് 1999 ഏപ്രിൽ മാസത്തിന് ശേഷം നിയന്ത്രണ രേഖ കടന്ന് പതിനഞ്ച് കിലോമീറ്ററോളും ദൂരം പാക് സൈന്യം എത്തിയത്. കാര്‍ഗിൽ ജില്ലയിലെ ദ്രാസിലൂടെ കടന്നുപോകുന്ന ശ്രീനഗര്‍-ലേ ദേശീയപാതക്ക് അരികിലെ ടൈഗർ ഹിൽ, തോലോലിംഗ് മലനിരകളിൽ പാക് സൈന്യം താവളമുറപ്പിച്ചു.മലമുകളിൽ പാക് സൈന്യവും താഴെ ഇന്ത്യൻ സൈന്യവും. തുടക്കത്തിൽ എല്ലാ പ്രതിരോധ നീക്കങ്ങളും പരാജയപ്പെട്ടു. ജൂണ്‍ മാസത്തോടെ പ്രത്യാക്രമണം ശക്തമാക്കി.
ബോഫേഴ്സ് പീരങ്കികൾ ഇടവേളകളില്ലാതെ പ്രവര്‍ത്തിപ്പിച്ചു. 2,50,000 ഷെല്ലുകളാണ് ടൈഗര്‍ ഹിൽ, തോലോലിംഗ്, ബട്ടാലിക് മലകൾ തിരിച്ചുപിടിക്കാൻ ബോഫേഴ്സ് പീരങ്കികൾ തൊടുത്തത്. രാവും പകലുമില്ലാത്ത പോരാട്ടം. ജീവൻ വെടിയാൻ സന്നദ്ധരായി മലമുകളിൽ വലിഞ്ഞു കയറിയ ഇന്ത്യയുടെ ധീരൻമാർ പാക് ബങ്കറുകൾ ഓരോന്നായി തകർത്തു. ഒടുവിൽ തോലിംഗും ടൈഗർ ഹില്ലും സൈന്യം തിരിച്ചുപിടിച്ചു. മലമുകളിൽ ത്രിവര്‍ണ പതാക പാറിച്ചു.
72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാർ. 1999 ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാർഗിലിലെ യുദ്ധവിജയം. ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ധീരസൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം ഈ ദിവസം.