/
10 മിനിറ്റ് വായിച്ചു

കർക്കിടക വാവുബലി: ബലിതർപ്പണം നടത്തി വിശ്വാസികൾ; ഉച്ചവരെ തുടരും

സംസ്ഥാനത്ത് കർക്കിടക വാവുബലി ആചരിക്കുകയാണ് വിശ്വാസി സമൂഹം. രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കൾക്ക് ബലിയിടാൻ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തുന്നുണ്ട്.

ആലുവ, തിരുവല്ല, വർക്കല എന്നിവിടങ്ങളിൽ കർക്കിടക വാവ് ദിനത്തോടനുബന്ധിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയായതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചിരുന്നു. വിവിധ ജില്ലകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പു വരുത്താൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. എല്ലാവിധ സുരക്ഷാ സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഹരിത ചട്ടങ്ങൾ പാലിച്ചുമാണ് ഇത്തവണത്തെ ചടങ്ങുകൾ പുരോഗമിക്കുന്നത്.

യാത്രാ സൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങി എല്ലാവിധ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം തിരുവനന്തപുരം ശംഖുമുഖത്ത് ഇക്കുറി ബലിയിടാൻ അനുമതി ഇല്ല. കടലാക്രമണം കണക്കിലെടുത്ത് ജില്ലാ കളക്ടറാണ് ശംഖുമുഖത്ത് ബലിതർപ്പണം അനുവദിക്കരുതെന്ന് നി‍‍ർദേശിച്ചിട്ടുള്ളത്. കർക്കിടക മാസത്തിലെ കറുത്തവാവിന് പിതൃക്കൾക്ക് ബലി ഇടുന്നത് വിശേഷമായാണ് ഹൈന്ദവ സമൂഹം കണക്കാക്കുന്നത്. ക്ഷേത്രത്തിലോ തീർത്ഥ സ്ഥലങ്ങളിലോ വീട്ടിൽ വച്ചോ ഇത് ചെയ്യാം. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ രണ്ട് വർഷവും വീടുകളിൽ മാത്രമാണ് ബലിയിടാൻ അനുമതി നൽകിയിരുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version