കരുവന്നൂർ ബാങ്കിന്റെ നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായവുമായി നടൻ സുരേഷ് ഗോപി. തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് താരത്തിന്റെ സഹായം. സെറിബ്രൽ പൾസി ബാധിച്ച ജോസഫിന്റെ രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകുന്നില്ലെന്ന് പറഞ്ഞിരുന്നു. ഈ വാർത്തയെ തുടർന്നാണ് സഹായിക്കുമെന്ന് നടൻ അറിയിച്ചത്.
ജോസഫിന്റെ മക്കളുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് താരം അറിയിച്ചു. വൃക്കരോഗിയായ ജോസഫിന്റെ ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈ അടുത്ത് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. പണം ചോദിച്ചപ്പോൾ ബാങ്ക് തന്നില്ല.പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനയ്യായിരം രൂപ തന്നുവെന്നും ജോസഫ് പറഞ്ഞു.
പിന്നീട് ആറു മാസം വീണ്ടും പതിനയ്യായിരം കൂടി ബാങ്കിൽ നിന്ന് ജോസഫിന് ലഭിച്ചു. വീണ്ടും കാശ് ചോദിച്ചപ്പോൾ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൽ ആരും പൈസ അടയ്ക്കുന്നില്ല. പണം അടച്ചാൽ മാത്രമെ കാശ്‍ തരൂമെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച മറുപടിയെന്ന് ജോസഫിന്റെ ഭാര്യ റാണി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വിഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമിലെ അപാകം തിരുത്തി ഓര്‍ഡിനൻസ് കൊണ്ടുവരുമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.