നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തി. അല്‍പ സമയത്തിനുള്ളില്‍ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്യും.ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. നടിയെ ആക്രമിച്ച കേസില്‍ കാവ്യയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളില്‍ നിന്ന് വെളിപ്പെട്ട കാര്യങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് കാവ്യയില്‍ നിന്ന് വിശദീകരണം തേടും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദേശം കൂടി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കാവ്യയുടെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാകുന്നത്. ഇനിയും കാവ്യ അന്വേഷണ സംഘത്തോട് നിസഹകരിച്ചാല്‍ കേസില്‍ കാവ്യയെ പ്രതിയാക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങാന്‍ ഇടയുണ്ട്.കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി മുന്‍പും ക്രൈംബ്രാഞ്ച് പലതവണ നീക്കം നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നിടത്ത് കാവ്യ മാധവന്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തില്‍ പുതിയ നോട്ടിസ് നല്‍കാന്‍് ക്രൈം ബ്രാഞ്ച് തീരുമാനമെടുത്തിരുന്നു. മുന്‍പ് രണ്ട് തവണ നോട്ടിസ് നല്‍കിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടില്‍ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നല്‍കിയത്.