കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ നടൻ ദിലീപിനെതിരെ ജോലിക്കാരൻ ദാസന്റെ മൊഴി.ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് പൊലീസിനോട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ജോലിക്കാരന്റെ വെളിപ്പെടുത്തൽ. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നുമുളള നിർണായക വെളിപ്പെടുത്തൽ നടത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ഇയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്ത് ദിലീപ് നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ചില നിർണായക കാര്യങ്ങൾ പറയുന്നത് ബാലചന്ദ്ര കുമാർ റെക്കോർഡ് ചെയ്തിരുന്നു. ഇത് പുറത്ത് വന്നതോടെയാണ് ദിലീപിനെതിരെ ഗൂഢാലോചനാ കേസ് എടുത്തതും നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണം നടത്താൻ കോടതി നിർദ്ദേശിച്ചതും.അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിൽ നിർണായകമായ മൊബൈൽ ഫോൺ ഡേറ്റകൾ ദിലീപ് നശിപ്പിച്ചതായി അന്വേഷണസംഘം ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സഹോദരൻ അനൂപും അടക്കമുളള പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ് ഐ ആറിൽ ഉളളത്.കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുളളത്. ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തയെന്നും കണ്ടെത്തി. തെളിവുകൾ നശിപ്പിക്കാൻ ദിലീപ് മനപൂർവം ശ്രമിച്ചു എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.ദിലീപിന്‍റെയും സഹോദരൻ അനൂപിന്‍റെയും സഹോദരീ ഭർത്താവ് സുരാജിന്‍റെയും അടക്കം ആറു ഫോണുകളാണ് സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയത്. വധ ഗൂഡാലോചനാക്കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പങ്കാളിത്തം തെളിയിക്കുന്നതിനുളള പ്രധാന തെളിവായി ഫോണുകൾ മാറും എന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ ജനുവരി 29നായിരുന്നു ഈ ഫോണുകൾ കൈമാറാൻ ഹൈകോടതി ഉത്തരവിട്ടത്. എന്നാൽ ഇതേ ദിവസവും തൊട്ടടുത്ത ദിവസവുമായി മുംബൈയിലേക്ക് കൊണ്ടുപോയ നാല് ഫോണുകളിലെ ഡേറ്റകൾ നീക്കം ചെയ്തെന്നാണ് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരിക്കുന്നത്.