/
12 മിനിറ്റ് വായിച്ചു

കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍; ശൂരനാട് ജപ്തി വിഷയത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

ശൂരനാട് ജപ്തി നോട്ടീസ് പതിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.

കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ജപ്തി വിഷയത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല.വീട്ടില്‍ ബോര്‍ഡ് വച്ചതില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മന്ത്രി വ്യക്തമാക്കി.

വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സംഭവത്തില്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്‌തെങ്കില്‍ നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചിരുന്നു.

ശൂരനാട് തെക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയുടെ മരണം നാടിനെ തന്നെ ദു:ഖത്തിലാക്കിരിക്കുകയാണ്. 2019 -ല്‍ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബാങ്കില്‍ നിന്ന് അജികുമാര്‍ വായ്പ എടുത്തത്. തുടര്‍ന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി.

പിന്നാലെ അഭിരാമിയുടെ അമ്മയ്ക്ക് ഉണ്ടായ അപകടവും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ താളം തെറ്റിക്കുകയായിരുന്നു. പിന്നാലെയാണ് ഇന്നലെ ചെങ്ങന്നൂരിലെ ബന്ധുവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കവേ വീട്ടില്‍ ബാങ്ക് അധികൃതര്‍ ജപ്തി നോട്ടീസ് പതിപ്പിച്ച വിവരം അഭിരാമിയും മാതാപിതാക്കളും അറിയുന്നത്.

ബാങ്കില്‍ എത്തിയ അഭിരാമിയും കുടുംബവും ഉദ്യോഗസ്ഥരെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് അഭിരാമിയെ വീട്ടില്‍ ആക്കിയ ശേഷം അജിയും ശാലിനിയും ബാങ്ക് അധികൃതരെ കാണാന്‍ പോയതിന് പിന്നാലെയാണ് അഭിരാമി വീട്ടിലെ മുറിയില്‍ തൂങ്ങി മരിക്കുന്നത്.

ഈ സമയം അഭിരാമിയും മുത്തശ്ശി ശാന്തമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version