///
17 മിനിറ്റ് വായിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ച് സഭയില്‍ റോജി എം ജോണ്‍:’85 രൂപയ്ക്ക് ചിക്കന്‍ തരാമെന്ന് പറഞ്ഞ സാമ്പത്തിക വിദഗ്ധനെവിടെ?’യെന്ന് പരിഹാസം

തിരുവനന്തപുരം: കോഴിയിറച്ചി വില പറന്നുയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതിയെ പരാമര്‍ശിച്ച് സഭയില്‍ റോജി എം ജോണ്‍ എംഎല്‍എ. അവശ്യസാധനങ്ങളുടെ വിലക്കറ്റം സഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിച്ച് കൊണ്ടായിരുന്നു റോജി എം ജോണ്‍ ഇക്കാര്യം ഉന്നയിച്ചത്. കോഴിയിറച്ചി വില ഇന്ന് 155 മുതല്‍ 160 രൂപവരെയാണ്. 85 രൂപക്ക് കെ ചിക്കന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദഗ്ധന്‍ ഈ സഭയില്‍ ഉണ്ടായിരുന്നുവെന്ന് റോജി ചൂണ്ടികാട്ടി.സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ് എന്നതാണ് യാഥാര്‍ത്ഥ്യം, അത് സാധാരണക്കാര്‍ക്ക് മനസിലാവും. ഇക്കാര്യം വ്യക്തമാവാന്‍ ധനമന്ത്രിയെ പോലെ സാമ്പത്തിക വിദഗ്ദനാവേണ്ടതില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സ്ഥാനത്ത് 85 മുതല്‍ 90 രൂപ വരെയുണ്ടായിരുന്ന കോഴിക്ക് കുറഞ്ഞ ദിവസങ്ങള്‍കൊണ്ടാണ് 70 രൂപയോളം കൂടിയത്. ഈ വിപണിയിലേക്ക് കേരള ചിക്കന്‍ പദ്ധതിക്കും ഇടപെടാന്‍ കഴിഞ്ഞില്ലെന്നാണ് നിരീക്ഷണം. സംസ്ഥാനത്തെ 50 ശതമാനം ഇറച്ചി കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉല്‍പ്പാദിപ്പിക്കാനാണ് കുടുംബശ്രീ വഴി കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കിയത്.2017 ലായിരുന്നു ധനമന്ത്രി തോമസ് ഐസക് ഒരു കിലോ ചിക്കന് 87 രൂപയ്ക്ക് മുകളില്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചത്. ജിഎസ്ടിയില്‍ നികുതി ഒഴിവാക്കിയെങ്കിലും കോഴിയിറച്ചി വില കൂടുന്ന ഒരു സാഹചര്യത്തിലായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. 87 രൂപയ്ക്ക് മുകളില്‍ കോഴി വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ധനമന്ത്രി അറിയിച്ചത്.

ജി.എസ്.ടിയുടെ പേരില്‍ കൊള്ളലാഭം ഇടാക്കാന്‍ അനുവദിക്കില്ല. ഇതിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അന്ന് തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.കൊവിഡ് മഹാമാരി ജനജീവിതത്തെ സാരമായി ബാധിച്ച കേരളത്തില്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെയാണ് വിലക്കയറ്റം ബാധിച്ചത് എന്നായിരുന്നു അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി റോജി എം ജോണ്‍ സഭയില്‍ അരോപിച്ചത്. സിപിഐയുടെ വകുപ്പുകളില്‍ എല്ലാം വിലവര്‍ധിപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില നിയന്തിക്കുന്ന പോലെയാണ് കിറ്റ് വിതരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണം അവസാനിപ്പിച്ചു എന്നും റോജി എം ജോണ്‍ സഭയെ അറിയിച്ചു.എന്നാല്‍, വിലക്കയറ്റത്തിന് കാരണം പെട്രോള്‍, ഡീസല്‍ വില വര്‍ധനയാണ് എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പ്രതികരിച്ചു. സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ഇടപെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1,853 കോടി വിപണി ഇടപെടലിന് ചെലവഴിച്ചെന്നും മന്ത്രി സഭയെ അറിയിച്ചു. മറ്റൊരു സംസ്ഥാനവും നടത്താത്ത ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. വിലക്കയറ്റം ഉണ്ടെങ്കിലും പൊതു വിപണിയേക്കാള്‍ കുറഞ്ഞ വിലയില്‍ സപ്ലൈകോ ഔട്ട്‌ലെറ്റില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ട്. അതിനാല്‍ വിലക്കയറ്റം സാധാരണക്കാരെ ബാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!