കണ്ണൂര്‍: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും പൂതിയരാഷ്ട്രീയം കേരളവും സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി സമ്പൂര്‍ണ്ണ ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഗുണകരമായ ഈ രാഷ്ട്രീയമാറ്റം വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നുറപ്പാണ്. ഈ രാഷ്ട്രീയമാറ്റത്തെ അട്ടിമറിക്കാനും ആ പരിവര്‍ത്തനത്തെ അണച്ച് കളയാനും വേണ്ടിയാണ് കേരള അവഗണനയെന്ന അടിസ്ഥാനരഹിതമായ ആരോപണം ഇടത് വലത് മുന്നണികള്‍ ആരോപിക്കുന്നത്.
കേരളത്തിലുള്ളവര്‍ക്ക് ബിജെപിയെ ജയിപ്പിക്കാന്‍ മടിയില്ലെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് തെളിയിച്ചത്. സിപിഎം കോണ്‍ഗ്രസ് മേഖലകളില്‍ ബിജെപിക്ക് കുതിച്ച് ചാട്ടമാണുണ്ടായത്. ഇടത് വലത് മുന്നണികള്‍ക്ക് വോട്ട് ചോര്‍ച്ചയുണ്ടായപ്പോള്‍ എന്‍ഡിഎക്ക് വോട്ടില്‍ വലിയ വര്‍ദ്ദനവുണ്ടായി. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമ്പാദനത്തിന് ശേഷം ഭാരതത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ കേരളമുണ്ടെന്ന് വ്യക്തമായത് മോദിയുടെ ഭരണകാലത്താണ്. കേരളത്തിന് വേണ്ടി പലരും പ്രസംഗിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിച്ചത് മോദി സര്‍ക്കാരാണ്. ഈ ബജറ്റിലും വലിയ പരിഗണനയാണ് കേരളത്തിന് നല്‍കിയത്.
തുടര്‍ച്ചയായി മൂന്നാമതും മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയെന്നത് അപൂര്‍വ്വമായ സംഭവമാണ്. കഴിഞ്ഞ 10 വര്‍ഷക്കാലം മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികളാണ് തുടര്‍ച്ചയായ ഭരണത്തിന് അടിസ്ഥാനം. സീറ്റുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും മൊത്തം വോട്ടില്‍ വലിയ വര്‍ദ്ദനവാണുണ്ടായത്. കേരളം, കര്‍ണ്ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മികച്ച മുന്നേറ്റം നടത്താനായെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, സി. രഘുനാഥ്, മേഖല ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, സംസ്ഥാന സമിതിയംഗം പി. സത്യപ്രകാശ്, കണ്ണൂര്‍ ജില്ലാ സഹ പ്രഭാരി സജി ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി സ്വാഗതവും എം ആര്‍ സുരേഷ് നന്ദിയും പറഞ്ഞു.